അടുത്തകാലത്തായി നടക്കുന്ന സംഭവവികാസങ്ങള്‍ കണ്ടാല്‍ ഖലിസ്ഥാന്‍ തീവ്രവാദികളെ കയറൂരി വിട്ടിരിക്കുകയാണ് കാനഡ എന്ന് തോന്നിപ്പോകും... കാരണം അത്തരത്തിലാണ് ഇന്ത്യയ്‌ക്കെതിരെ അവര്‍ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ തിരിയുന്ന തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്ന കാനഡ മനസിലാക്കുന്നില്ല...അതുകൊണ്ട് ഏറ്റവും അധികം നഷ്ടം സംഭവിക്കാന്‍ പോകുന്നത് കാനഡയ്ക്കായിരിക്കുമെന്ന്.
വിമാനങ്ങളിലെ ഭീഷണിയെല്ലാം കടന്ന് ഇപ്പോള്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളെയാണ്. അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പടെ ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഏറ്റവും ഒടുവിലെ ഭീഷണി.ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്.ഈ മാസം 16,17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്നാണ്, സിഖ്സ് ഫോര്‍ ജസ്റ്റിസ് പുറത്തു വിട്ട വീഡിയോയില്‍ പറയുന്നത്.
കാനഡയിലെ ബ്രാംപ്ടണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കിയിട്ടുള്ളത്.അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കുമെന്നാണ് പന്നൂന്‍ വീഡിയോയില്‍ പറയുന്നത്.ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മോദി അവിടെ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളും വീഡിയോയിലുണ്ട്.
നേരത്തെ, നവംബര്‍ 1നും 19നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു. പ്രത്യേക സിഖ് രാഷ്ട്രം എന്ന ലക്ഷ്യത്തോടെ പന്നുവിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ജെ നിരന്തരമായി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. ഇത് കണ്ണുമടച്ചാണ് കാനഡ പ്രോത്സാഹിപ്പിക്കുന്നത്.
എന്നാല്‍ അതങ്ങനെ വിട്ടുകൊടുക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.പലവട്ടം ഇന്ത്യ താക്കീതുകള്‍ നല്‍കിയിട്ടും ആ രാജ്യം നയം മാറ്റുവാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ശത്രുക്കളെ ഭൂമിക്കു മേല്‍ എവിടെയുമെത്തി നേരിടാനുള്ള കരുത്ത് ഇന്ന് രാജ്യത്തിനുണ്ട്.യാചനകളുടെ ഇന്നലെകള്‍ വെച്ച് ഇന്ത്യയെ വില കുറച്ച് കാണാന്‍ ശ്രമിക്കുന്ന ഏത് ആഗോള ശക്തിക്കും മറുപടി കൊടുക്കാന്‍ ഇന്ന് ഇന്ത്യയ്‌ക്കാവും.ഖാലിസ്ഥാന്‍ ഭീകരരുടെ സുഖവാസ കേന്ദ്രമായി കാനഡ മാറിയിട്ട് കാലങ്ങളായി.
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണില്‍ ഇടം കൊടുക്കരുതെന്ന് കാനഡയോട് പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ അവിടെ നിലനില്‍ക്കുന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യം ഖാലിസ്ഥാന്‍ ഭീകരവാദികളെ പ്രീണിപ്പിക്കാന്‍ ആ രാജ്യത്തിന്റെ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. 2019 ല്‍ കാനഡ സിഖ് ഭീകരവാദത്തെ ഒരു പ്രധാന ഭീഷണിയായി അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് അത് ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്തു.അത്തരം നിലപാടുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വിലയാണ് കാനഡയ്ക്ക് ഇന്ത്യയുമായിട്ടുള്ള നയതന്ത്രപ്രതിസന്ധി.
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പ്രസ്താവനയില്‍ നിന്നും ആരംഭിച്ച നയതന്ത്ര യുദ്ധം ഇക്കഴിഞ്ഞ ദിവസം വീണ്ടും വഷളാവുകയുണ്ടായി.ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഭാരത ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡയുടെ നീക്കത്തോട് നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചുകൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്.
കൂടാതെ ഡല്‍ഹിയിലുള്ള കാനഡയുടെ ആറു നയതന്ത്ര പ്രതിനിധികളെ ഭാരതം പുറത്താക്കുകയുമുണ്ടായി. കഴിഞ്ഞ വര്‍ഷം നാല്‍പ്പതോളം ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും മടക്കി വിളിച്ചിരുന്നു. ഇത് വിസ നടപടികളെ കുറച്ചൊക്കെ ബാധിച്ചിട്ടുണ്ട്.ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് വംശജര്‍ ഉള്ള രാജ്യമാണ് കാനഡ. ഏഴുലക്ഷത്തി എഴുപതിനായിരം വരുന്ന ഈ സമൂഹത്തിലെ ഒരു ന്യൂനപക്ഷം വരുന്ന ഖാലിസ്ഥാന്‍ വാദികളെ പ്രീണിപ്പിച്ചല്ലാതെ സര്‍ക്കാരിനെ തകരാതെ കാക്കാന്‍ കഴിയില്ലെന്ന ഭീതിയില്‍ നിന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനകളുടെയും പ്രവര്‍ത്തനങ്ങളുടെയും ആരംഭം.
2015ല്‍ ട്രൂഡോ അധികാരത്തില്‍ വന്നപ്പോള്‍ മുപ്പതംഗ കാബിനറ്റില്‍ ഖാലിസ്ഥാന്‍ ആഭിമുഖ്യമുള്ള നാലു സിഖ് വംശജരെ മന്ത്രിമാരായി നിയമിച്ചതിലൂടെയാണ് ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തില്‍ ഉരസല്‍ ആരംഭിച്ചത്.ഇന്ന് ഖാലിസ്ഥാന്‍ വാദികളുടെ സുരക്ഷിത ഇടമായി കാനഡ മാറിയിരിക്കുന്നു.ഭീകരവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നടന്ന കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ട് ട്രൂഡോ പ്രസ്താവന നടത്തിയിരുന്നു.ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായിട്ടാണ് ഇന്ത്യ കണക്കാക്കിയത്.
ഇന്ത്യയുമായുണ്ടായിരിക്കുന്ന നയതന്ത്ര സംഘര്‍ഷം ട്രൂഡോയെ സ്വന്തം നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. പണപ്പെരുപ്പം കൊണ്ടും വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ കൊണ്ടും ട്രൂഡോയുടെ ജനസമ്മതി പ്രതിദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ പാര്‍ട്ടി ജയിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണ്. അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്ലി വ്രെയെക്കാള്‍ പിന്നിലാണ് ട്രൂഡോയുടെ ഇപ്പോഴത്തെ ജനസമ്മതി. അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ സഖ്യകക്ഷിയായ എന്‍ഡിപി ഈ അടുത്തിടെ പിന്തുണ പിന്‍വലിച്ചിരുന്നു. ഇതൊക്കെ അദ്ദേഹത്തെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളാണ് ഖാലിസ്ഥാന്‍വാദികളുടെ സൗമനസ്യം പിടിച്ചുപറ്റാന്‍ ട്രൂ ഡോയെ ഇന്ത്യാവിരുദ്ധ വേഷംകെട്ടിക്കുന്നതെന്ന് വേണം മനസിലാക്കാന്‍.
നയതന്ത്ര ബന്ധങ്ങള്‍ വഷളാകുമ്പോഴും അത് ഇരുരാജ്യങ്ങളുമായുള്ള സാമ്പത്തിക വ്യാപാരബന്ധങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കാനഡയിലെ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളില്‍ ഏതാണ്ട് നാല്‍പ്പത് ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. വിദ്യാഭ്യാസ മേഖലയിലെ പരസ്പര വിനിമയത്തില്‍ ഇന്ത്യ കാനഡയും സമാന താത്പര്യങ്ങളുള്ള രാജ്യങ്ങളാണ്. കാനഡയുടെ വിദേശനാണ്യ സമ്പാദനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് വളരെ വലുതാണ്.
എന്നു പറഞ്ഞാല്‍ നയതന്ത്ര ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇന്ത്യയെക്കാള്‍ കാനഡയുടെ സാമ്പത്തിക മേഖലയെയാണ് ബാധിക്കാന്‍ സാധ്യത. എന്നാല്‍ അധികാരം നിലനിര്‍ത്താന്‍ സിഖ് മതമൗലികവാദികളുടെ ഇഷ്ടം പിടിച്ചുപറ്റേണ്ടതായിട്ടും ഉണ്ട്. ഇത്തരം ഒരു ഞാണിന്മേല്‍ കളിയാണ് ട്രൂഡോ നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ കാനഡയുടെ ദീര്‍ഘകാലീന ദേശീയ താത്പര്യങ്ങള്‍ ചിന്തിക്കുന്നവര്‍ ഇന്ത്യയെപ്പോലെ വളര്‍ന്നുവരുന്ന ഒരു സാമ്പത്തിക സൈനിക ശക്തിയെ പിണക്കുന്നതിലെ അനൗചിത്യം തിരിച്ചറിയുന്നുണ്ട്.
കാനഡയുടെ പ്രധാന സഖ്യകക്ഷികളായ അമേരിക്കയും ബ്രിട്ടനും നിലവിലുള്ള പ്രതിസന്ധിയെ വളരെ കരുതലോടെയാണ് സമീപിക്കുന്നത്. ഇന്ത്യയുമായി തന്ത്രപ്രധാന വാണിജ്യ വ്യാപാര ബന്ധങ്ങളുള്ള ഈ രാജ്യങ്ങളൊന്നും ഇന്ത്യയെ പിണക്കാന്‍ തയ്യാറാവില്ല. എന്നു മാത്രമല്ല ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന പങ്കാളിയായി ഇന്ത്യയെ കാണുന്നവരാണ് ഈ വന്‍ശക്തികള്‍. അതുകൊണ്ടുതന്നെ കാനഡയുടെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ട്രൂഡോയുടെ ഭരണമാറ്റത്തോടെ അവസാനിക്കുമെന്നു വേണം കരുതാന്‍.