ഇസ്ലാമാബാദ്: ഇന്ത്യയുടെ നേട്ടങ്ങളും പാകിസ്താനിലെ കറാച്ചിയുടെ അവസ്ഥയും നാഷണൽ അസംബ്ലിയിൽ താരതമ്യം ചെയ്ത് മുത്തഹിദ ക്വാമി മൂവ്മെൻറ് പാകിസ്താൻ (എം.ക്യു.എം-പി) നേതാവ് സെയ്ദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്നതാണ് കറാച്ചിയിൽ നിന്നുള്ള വാർത്തയെന്ന് സെയ്ദ് മുസ്തഫ കമാൽ പാക് നാഷണൽ അസംബ്ലിയിൽ പറഞ്ഞു.
ലോകം ചന്ദ്രനിലേക്ക് പോകുമ്പോൾ കറാച്ചിയിൽ കുട്ടികൾ ഗട്ടറിൽ വീണ് മരിക്കുന്നു എന്നതാണ് അവസ്ഥ. അതേ സ്‌ക്രീനിൽ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങിയെന്ന വാർത്തയുണ്ട്. കറാച്ചിയിലെ തുറന്ന ഓടയിൽ ഒരു കുട്ടി മരിച്ചു എന്നാണ് രണ്ട് സെക്കൻറിനുള്ളിലെ വാർത്ത -സെയ്ദ് മുസ്തഫ കമാൽ ചൂണ്ടികാട്ടി.കറാച്ചിയിലെ ശുദ്ധജലത്തിൻ്റെ അഭാവവും അദ്ദേഹം എടുത്തുപറഞ്ഞു.
2023 ആഗസ്റ്റിലാണ് ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി ലോക ചരിത്രം തിരുത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ കരസ്ഥമാക്കി. ഈ നേട്ടത്തെയാണ് പാക് ഖജനാവിന് ഏറ്റവും കൂടുതൽ വരുമാനം സംഭാവന നൽകുന്ന കറാച്ചിയുടെ നിലവിലെ അവസ്ഥയുമായി പാക് നാഷണൽ അസംബ്ലി അംഗം താരതമ്യം ചെയ്തത്.
കറാച്ചിയിൽ 70 ലക്ഷം കുട്ടികളും പാക്കിസ്ഥാനിൽ 2.6 കോടി കുട്ടികളും സ്‌കൂളിൽ പോകാൻ കഴിയാത്തവരാണെന്ന റിപ്പോർട്ട് ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കറാച്ചി പാകിസ്താൻറെ വരുമാനത്തിൻറെ എഞ്ചിനാണ്. പാകിസ്താൻറെ തുടക്കം മുതൽ പ്രവർത്തിക്കുന്ന രണ്ട് തുറമുഖങ്ങളും കറാച്ചിയിലാണ്. കറാച്ചി പാകിസ്താനിലേക്കും മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള കവാടവുമാണ്. 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല. എത്തിച്ച വെള്ളം പോലും ടാങ്കർ മാഫിയ പൂഴ്ത്തിവെച്ച് കറാച്ചിയിലെ ജനങ്ങൾക്ക് വിൽക്കുകയാണെന്നും മുസ്തഫ കമാൽ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി, ഉയർന്ന പണപ്പെരുപ്പം, വർധിച്ച് വരുന്ന കടം എന്നിവയിൽ പാകിസ്താൻറെ നിലവിലെ സാഹചര്യം വളരെ മോശമാണ്. രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (ഐ.എം.എഫ്) നിന്ന് പുതിയ വായ്പാ പദ്ധതി തരപ്പെടുത്താനുള്ള നീക്കത്തിലാണ് ഭരണകൂടം.