ബെയ്ജിംഗ്: ഇന്ത്യ ഫിലിപ്പൈന്‍സിക്ക് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ വിതരണം ചെയ്തതില്‍ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം ഒരു മൂന്നാം കക്ഷിയുടെയും താല്‍പ്പര്യത്തിന് ഹാനികരമാകരുതെന്നും പ്രാദേശിക സ്ഥിരതയ്ക്ക് ഹാനികരമാകരുതെന്നും ചൈന തുറന്ന് പറഞ്ഞു. ഫിലിപ്പൈന്‍സുമായി രൂക്ഷമായ അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ള രാജ്യമാണ് ചൈന. സൗത്ത് ചൈനാ കടല്‍ മുഴുവന്‍ തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച ചൈന പ്രദേശത്തുള്ള മറ്റൊരു രാജ്യത്തിന്റെയും സമുദ്രാതിര്‍ത്തി അംഗീകരിക്കുന്നില്ല. ഇതിനെ തുടര്‍ന്ന് ചൈനയും അവരുടെ അയല്‍ രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം പതിവാണ്.
എന്നാല്‍ ഇന്ത്യ ഫിലിപ്പൈന്‍സിന് ബ്രഹ്‌മോസ് മിസൈല്‍ നല്‍കിയതോടെ ചൈനയുടെ മേഖലയിലെ അപ്രമാദിത്യത്തിന് വലിയ തോതിലുള്ള വെല്ലുവിളിയാണ് വന്നിരിക്കുന്നത്. സൂപ്പര്‍ സോണിക് മിസൈലുകളുടെ വിഭാഗത്തില്‍ ഇന്ന് നിലവില്‍ ഉള്ളതില്‍ വച്ച് ഇന്റര്‍സെപ്റ്റ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ മിസൈലുകളില്‍ ഒന്നാണ് ബ്രഹ്‌മോസ്. ഇത് ഫിലിപ്പൈന്‍സിന് ലഭിച്ചതോടെ ഇനി പഴയ പോലെ ഫിലിപ്പൈന്‍സിന്റെ മെക്കിട്ട് കേറാന്‍ ചൈനക്ക് കഴിയാതെ വരും. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ചൈനീസ് സൈന്യം രംഗത്തെത്തിയത്.
ആയുധ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഫിലിപ്പൈന്‍സുമായി 375 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചതിന് ശേഷം രണ്ട് വര്‍ഷത്തിനിടെയാണ് ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തത്.
ദക്ഷിണ ചൈനാക്കടലില്‍ ചൈനഫിലിപ്പൈന്‍സ് സംഘര്‍ഷം തുടരുന്നതിനിടയില്‍ ഫിലിപ്പൈന്‍സിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു. മനിലയില്‍ വച്ച് ഫിലിപ്പൈന്‍സ് വിദേശകാര്യ സെക്രട്ടറി എന്റിക് മനാലോയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്.
ദക്ഷിണ ചൈന കടലില്‍ ചൈന തുടരുന്ന ആക്രമണോത്സുകമായ നടപടികള്‍ക്കെതിരെ ഫിലിപ്പൈന്‍സ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിറകേയാണ് ഇന്ത്യയുമായി കൂടിക്കാഴ്ച നടന്നത്. സമീപകാലത്തായി ഇന്ത്യയും ഫിലിപ്പൈന്‍സും തമ്മില്‍ സുരക്ഷാപ്രതിരോധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം വളര്‍ന്നിരുന്നു.
സമുദ്ര നിയമങ്ങളെ കുറിച്ചുള്ള യുഎന്നിന്റെ ഉടമ്പടി പാലിക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈനയുടെ പേരെടുത്ത് പറയാതെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. സമുദ്ര ഭരണഘടനയെന്നാണ് യുഎന്‍ സമുദ്രനിയമങ്ങളെ ജയശങ്കര്‍ വിശേഷിപ്പിച്ചത്. ദേശീയ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഫിലിപ്പൈന്‍സിന്റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണ ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി
അന്നുതന്നെ ഇന്ത്യയുടെ നിലപാടില്‍ ചൈന അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. രണ്ടുരാജ്യങ്ങള്‍ക്കിടയിലുള്ള സമുദ്രാതിര്‍ത്തി പ്രശ്നങ്ങളില്‍ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാനുള്ള അധികാരമില്ലെന്നാണ് ചൈനീസ് വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞത്. ഫിലിപ്പൈന്‍സിന്റെ നിയമാനുസൃത സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന അപകടകരമായ പ്രവര്‍ത്തനങ്ങളെ യുഎസും അപലപിച്ചിരുന്നു.