തമിഴ്നാട്ടിൽ രാജാവ് ; പണിക്കിറങ്ങിയാൽ ഊരുതെണ്ടി

നല്ലവനായ കള്ളന്‍. മലയാളികളുടെ നാട്ടുകഥകളില്‍ നിരവധി കള്ളന്മാര്‍ ഈ കാറ്റഗറിയില്‍ വരുന്നുണ്ട്.കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും പോലെ കേട്ടുപഴകിയോ എത്രയോ കള്ളന്മാര്‍! മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും ജീവിതവും കൗതുകത്തോടെ പ്രചരിക്കാറുണ്ട്.

author-image
Rajesh T L
New Update
TG

നല്ലവനായ കള്ളന്‍. മലയാളികളുടെ നാട്ടുകഥകളില്‍ നിരവധി കള്ളന്മാര്‍ ഈ കാറ്റഗറിയില്‍ വരുന്നുണ്ട്. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും പോലെ കേട്ടുപഴകിയോ എത്രയോ കള്ളന്മാര്‍! മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും ജീവിതവും കൗതുകത്തോടെ പ്രചരിക്കാറുണ്ട്.കേരളത്തെ വിറപ്പിച്ച ബണ്ടി ചോര്‍ അങ്ങനെ ഏറെ സെലിബ്രേറ്റ് ചെയ്ത മോഷ്ടാവാണ്. ഇപ്പോള്‍ ഈ ലിസ്റ്റില്‍ കുറുവ സംഘവും ഇടംപിടിച്ചിരിക്കുന്നു. കുറുവ കള്ളന്മാരെ കുറിച്ചുള്ള വിവരങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. 

കുറുവ സംഘാംഗമായ സന്തോഷ് ശെല്‍വമാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. അതിസമ്പരാണത്രേ കുറുവ മോഷ്ടാക്കള്‍. പണിക്കിറങ്ങുമ്പോള്‍ വെറും ഊരുതെണ്ടികളായി നടക്കും,കേരളത്തില്‍ എത്തിയാല്‍ വഴിവക്കിലാണ് ഇവരുടെ താമസം. എന്നാല്‍, തമിഴ്‌നാട്ടില്‍ സ്വന്തം ഊരില്‍ വലിയ വീടും സൗകര്യങ്ങളും ഇവര്‍ക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വലയിലായ സന്തോഷ് ശെല്‍വത്തിന്റെ ഫോണിലെ ഒരു ചിത്രത്തെ കുറിച്ച് പൊലീസ് പറയുന്നുണ്ട്.ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനു സമീപം കായല്‍കരയില്‍ സ്ഥാപിച്ച ഐ ലവ് ആലപ്പുഴ എന്ന ബോര്‍ഡിന് അരികില്‍ നിന്ന് മുമ്പെങ്ങോ പകര്‍ത്തിയ ചിത്രം. 

പണിക്കിറങ്ങുമ്പോള്‍ മുഷിഞ്ഞ  വസ്ത്രങ്ങളും ധരിച്ച് തെരുവുകളില്‍ അന്തിയുറങ്ങുന്ന കുറുവ സംഘം പണം ചെലവഴിച്ച് ഉല്ലാസ യാത്രകളും നടത്താറുണ്ടത്രേ. കഴിഞ്ഞ ഡിസംബറില്‍ സന്തോഷ് ശെല്‍വവും കുടുംബവും ന്യൂ ഇയര്‍ ആഘോഷിക്കാന്‍ എത്തിയത് ആലപ്പുഴയിലാണ്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ സമയത്താണ് നേരത്തെ പറഞ്ഞ ചിത്രം പകര്‍ത്തിയത്. മാത്രമല്ല, ഈ ചിത്രം വാട്‌സാപ്പില്‍ ഡിസ്‌പ്ലേ പിക്ചറാക്കുകയും ചെയ്തിരുന്നു. പാലായിലെ മോഷണത്തില്‍ പിടിക്കപ്പെട്ടപ്പോഴാണ് ഈ ചിത്രം സന്തോഷിന്റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. 

കുറുവ സംഘത്തില്‍ ചേരുക അത്ര എളുപ്പമല്ല. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു കോംപ്രൈമൈസുമില്ല.കുറുവ സംഘത്തിലുള്ളവര്‍ കുണ്ടന്നൂര്‍ പാലത്തിനടിയില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാത്രമല്ല, മോഷണത്തെ എതിര്‍ക്കുന്നവരെ ആക്രമിക്കാനും പിടിക്കപ്പെടാതെ രക്ഷപ്പെടാനും കുറുവ സംഘത്തിന് പരിശീലനവും നല്‍കുന്നുണ്ട്. 

കൂരിരുട്ടില്‍ സന്തോഷ് ശെല്‍വത്തിനെ പൊലീസ് പിടികൂടിയത് ഏറെ പണിപ്പെട്ടാണ്. സിറ്റി പൊലീസും അഗ്‌നിരക്ഷാസേനയും കരയിലും കായലിലും നടത്തിയ രാത്രി തിരച്ചില്‍ നീണ്ടതു നാലര മണിക്കൂറിലേറെ നേരമാണ്.

ഞായറാഴ്ച വൈകിട്ട് 5.45ന് കുറുവ സംഘത്തെ തേടി ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂര്‍ പാലത്തിനു താഴെ ടെന്റുകള്‍ക്ക് സമീപം എത്തി. ഈ സമയം സ്ത്രീകളെ മാത്രമാണ് അവിടെ കണ്ടത്. ആദ്യം മടങ്ങിയ പൊലീസ് 6.15ന് പൊലീസ് തിരിച്ചെത്തി. പ്രതികളിലൊരാളായ മണികണ്ഠന്‍ പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇയാളെ ബലംപ്രയോഗിച്ചു കീഴടക്കി വിലങ്ങണിയിച്ചു. 

തുടര്‍ന്നു ടെന്റിനുള്ളില്‍ കയറി പരിശോധന നടത്തി.കായലോരത്തെ ഒരു ടെന്റിനുള്ളില്‍ ടാര്‍പ്പോളിന്‍ മൂടിയിട്ടിരിക്കുന്നതു കണ്ടു സംശയം തോന്നി. പൊലീസ് അതു നീക്കിയപ്പോഴാണു ഉള്ളിലെ ചെറുകുഴിയില്‍ ഒരാള്‍ ചുരുണ്ടു കൂടിക്കിടക്കുന്നതു കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ക്കു സമാനമായി ഇയാളുടെ നെഞ്ചില്‍ പച്ചകുത്തിയിരിക്കുന്നതു കണ്ടു. ഇതോടെ സന്തോഷ് ശെല്‍വമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് മല്‍പ്പിടിത്തത്തിലൂടെ കീഴടക്കിയാണ് വിലങ്ങുവച്ചത്.ഉച്ചത്തില്‍ അലറിയും അസഭ്യം പറഞ്ഞും ശരീരത്തില്‍ സ്വയം അടിച്ചും അയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 

സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ് പ്രതികളെ ജീപ്പില്‍ കയറ്റിയത്. എന്നാല്‍, പൊലീസിനെ ആക്രമിച്ച സ്ത്രീകള്‍ ജീപ്പിന്റെ വാതില്‍ വലിച്ചു തുറന്നു. ഞൊടിയിടയില്‍ പൊലീസുകാരെ തള്ളിമാറ്റി ഉടുമുണ്ട് അഴിച്ചെറിഞ്ഞു സന്തോഷ് ഓടി കുറ്റിക്കാട്ടിനുള്ളില്‍ മറഞ്ഞു.പിന്നാലെ പൊലീസും കാട്ടിനുള്ളില്‍ കടന്നെങ്കിലും സന്തോഷിനെ കണ്ടെത്താനായില്ല. 

ഇതോടെ കൊച്ചി സിറ്റി പൊലീസിന്റെ സഹായം തേടി.എഴുപത്തഞ്ചോളം പേരടങ്ങുന്ന പൊലീസ് സംഘവും ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നു സ്‌കൂബാ ഡൈവിങ് ടീമും കായലില്‍ തിരച്ചിലിനായി എത്തി.വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ആവശ്യത്തിനു ടോര്‍ച്ചുകള്‍ പോലും പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസ് സഹായ അഭ്യര്‍ഥനയുമായി കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തി. 

അവിടെ നിന്നു ടോര്‍ച്ചുകളും വെട്ടുകത്തികളും ലഭിച്ചതോടെ തിരച്ചിലിന്റെ വേഗം കൂടി. ഇതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തി തിരച്ചിലിനു നേതൃത്വം നല്‍കി.ഒടുവില്‍,രാത്രി 10.10ന് ലേ മെറിഡിയന്‍ ഹോട്ടലിന്റെ മതിലിനോടു ചേര്‍ന്നുള്ള കലുങ്കിനടിയില്‍ വെള്ളത്തില്‍ തലമാത്രം പുറത്തുകാട്ടി ഒളിച്ചിരുന്ന പ്രതിയെ പൊലീസ് കണ്ടെത്തി.

tamilnadu news theft case gang attack