ഗസയിലും ലെബനനിലും ജനജീവിതം സ്തംഭിച്ചു;നെതന്യാഹുവിനെതിരെ പ്രതിഷേധം

ഇസ്രയേല്‍ ഭീതിയിലാണ്. ഗസയിലും ലെബനനിലും ആക്രമണം ജനജീവിതം താറുമാറാക്കി. അതേ അവസ്ഥയിലൂടെ കടന്നുപോകുകയാണ് ഇസ്രയേലും. ആശങ്കയുടെയും ഭയത്തിന്റെയും പിടിയിലാണ് രാജ്യം.

author-image
Rajesh T L
New Update
nethanyahu

ഇസ്രയേല്‍ ഭീതിയിലാണ്. ഗസയിലും ലെബനനിലും ആക്രമണം ജനജീവിതം താറുമാറാക്കി. അതേ അവസ്ഥയിലൂടെ കടന്നുപോകുകയാണ് ഇസ്രയേലും. ആശങ്കയുടെയും ഭയത്തിന്റെയും പിടിയിലാണ് രാജ്യം. 

ഏറ്റവും ഒടുവില്‍ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷിക അനുസ്മരണത്തിനെത്തിയ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്തു.ഒക്ടോബര്‍ 7ന് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മിനിറ്റിലേറെ നെതന്യാഹുവിനു പ്രസംഗിക്കാനായില്ല. 'എന്റെ പിതാവ് കൊല്ലപ്പെട്ടു' എന്ന് ഒരു പ്രതിഷേധക്കാരന്‍ ആവര്‍ത്തിച്ചു വിളിച്ചുപറയുന്ന വിഡിയോ പുറത്തുവന്നു. 

നെതന്യാഹുവിന്റെ പ്രസംഗം ബന്ദികളുടെ ബന്ധുക്കള്‍ തസപ്പെടുത്തി. നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് നെതന്യാഹുവിന് നേരെ ബന്ധുക്കള്‍ വിളിച്ചുപറഞ്ഞത്. ഇസ്രായേലിന്റെ സുരക്ഷാ വീഴ്ചയില്‍ നെതന്യാഹുവിനെ കുറ്റപ്പെടുത്തുകയും ഭരണകൂടത്തിന്റെ വീഴ്ചയാണ് ബന്ദികളുടെ മോചനം വൈകുന്നതിന് കാരണമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.ഗാസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹു ഭരണകൂടത്തിനുമേല്‍ പൊതുജനങ്ങളില്‍ നിന്നും നയതന്ത്ര മേഖലയില്‍ നിന്നും വലിയ സമ്മര്‍ദ്ദമാണ് വരുന്നത്.  

ഹമാസ് നേതാവ് യഹ്യ സിന്‍വറിനെ ഇസ്രയേല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വധിച്ചിരുന്നു. ഇതോടെയാണ്, ശേഷിക്കുന്ന തടവുകാരുടെ കുടുംബങ്ങളും പാശ്ചാത്യ നേതാക്കളും ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കിയത്. ഗാസയിലുള്ള 97 തടവുകാരെ മോചിപ്പിക്കുന്നതിനു സിന്‍വര്‍ പ്രധാന തടസ്സമായിരുന്നു എന്നാണ് ഇസ്രയേല്‍, യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. 34 ബന്ദികളും മരിച്ചെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നിഗമനം. ഗാസയിലെ തടവുകാരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തില്‍ പുനരാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

അതിനിടെ, നിലവിലെ യുദ്ധവുമായി ബന്ധപ്പെട്ട് നെതന്യാഹൂ സര്‍ക്കാരിലെ ഭിന്നതയും പുറത്തുവന്നു. ഗസയില്‍ ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കാന്‍ വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് തുറന്നടിച്ചത്. സൈനിക ശക്തിയിലൂടെ മാത്രം യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിക്കാനാകില്ല. സൈനിക നീക്കം എല്ലാത്തിനുമുള്ള ഉത്തരമല്ല. ഗാലന്റ് വ്യക്തമാക്കി. 

ബന്ദികളെ വീടുകളിലെത്തിക്കുക നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ ചില വേദനാജനകമായ വിട്ടുവീഴ്ചകള്‍ ആവശ്യമാണ്. ഇപ്പോള്‍ നടക്കുന്ന ഗസ യുദ്ധം സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. പ്രതിരോധ മന്ത്രി പറഞ്ഞു.ഈ വര്‍ഷം ശത്രുക്കളെയെല്ലാം തകര്‍ക്കുമെന്നും ഗാലന്റ് പ്രഖ്യാപിച്ചു. വിജയം ഇസ്രായേലിന്റേതായിരിക്കുമെന്നും ഗാലന്റ് അവകാശപ്പെട്ടു. ഒക്ടോബര്‍ ഏഴ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ അനുസ്മരണ ചടങ്ങിലായിരുന്നു ഗാലന്റിന്റെ പ്രതികരണം.

benjamin nethanyahu gaza conflict Prime Minister Benjamin Netanyahu