ലോകം ഒരു ചതുരംഗ പലകയാണെങ്കില്‍ അതിലെ കറുത്ത കുതിര ഉത്തരകൊറിയ!!!

ലോകം ഒരു ചതുരംഗ പലകയാണെങ്കില്‍ അതിലെ കറുത്ത കുതിരയാണ് ഉത്തരകൊറിയ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റിക്കുന്ന കറുത്ത കുതിര.

author-image
Rajesh T L
New Update
korea

ലോകം ഒരു ചതുരംഗ പലകയാണെങ്കില്‍ അതിലെ കറുത്ത കുതിരയാണ് ഉത്തരകൊറിയ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റിക്കുന്ന കറുത്ത കുതിര. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ ലോകത്തിന്റെ പല ഭാഗത്തും യുദ്ധങ്ങളും സംഘര്‍ഷങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമാകുകയാണ് ഉത്തര കൊറിയ.

ഈ വര്‍ഷം ജൂണില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിന് പിന്നാലെ കിഴക്കന്‍ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങള്‍ ആകെ തകിടം മറിഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധത്തില്‍ തങ്ങള്‍ക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇറാനോ ചൈനയോ അല്ലെന്നും മറിച്ച് ഉത്തരകൊറിയ ആണെന്നും യുക്രെയ്ന്‍ ഇന്റലിജന്‍സ് മേധാവി കിറിലോ ബുധനോവ് സെപ്റ്റംബര്‍ 14-ന് തലസ്ഥാനമായ കീവില്‍ നടന്ന സുരക്ഷാ കോണ്‍ഫറന്‍സില്‍ ആരോപിച്ചിരുന്നു.

ഏഴു മാസം മുമ്പ് ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചു ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ യുദ്ധത്തിന് ഒരുക്കം തുടങ്ങിയതു മുതല്‍ കൊറിയന്‍ ഉപദ്വീപിലും ലോകമെങ്ങും ആശങ്കയുടെ വേലിയേറ്റമാണ്. 13 ലക്ഷം സജീവ അംഗങ്ങളുള്ള ഉത്തര കൊറിയന്‍ സൈന്യം അംഗബലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈന്യമായാണ് പരിഗണിക്കപ്പെടുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തിന് ഞെട്ടലുളവാക്കുന്നതാണ്. ലോകനേതാക്കളില്‍ പൊതുവേ താന്തോന്നിയായി അറിയപ്പെടുന്ന കിമ്മിന്റെ പട്ടാളം യുക്രെയ്നില്‍ റഷ്യന്‍ സൈന്യത്തോടൊപ്പം പങ്കെടുക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിക്കുന്നു.

നിലവില്‍ ഉത്തരകൊറിയ റഷ്യയ്ക്ക് നല്‍കിയ ആയുധങ്ങളില്‍ മിക്കവയും റഷ്യ, യുക്രെയ്നില്‍ പ്രയോഗിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ 72-ാം ജന്മദിനം കടന്നുപോയത് കഴിഞ്ഞ ദിവസമായിരുന്നു. അദ്ദേഹത്തിന് ആശംസ നേര്‍ന്ന് കിം എത്തിയത് ഇരുവര്‍ക്കുമിടയിലെ ആഴത്തിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. പിന്നാലെ റഷ്യന്‍ സൈനികര്‍ക്കൊപ്പം ഉത്തര കൊറിയന്‍ സൈനികര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയയും വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബര്‍ 3ന് യുക്രെയ്ന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഉത്തരകൊറിയയുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ കൂടുതല്‍ അരിശത്തിലായ കിം ഇനി എങ്ങനെ പ്രതികരക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

പിന്നാലെ കഴിഞ്ഞ ദിവസം കിമ്മിന്റെ ഭീഷണി സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പാണ് കിം നല്‍കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുന്‍പ് പലതവണ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

vlatimar

കിം ജോങ് ഉന്‍ യൂണിവേഴ്സിറ്റി ഓഫ് നാഷണല്‍ ഡിഫന്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് ആണവായുധപ്രയോഗത്തെ കുറിച്ച് പരാമര്‍ശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശത്രുക്കള്‍ ഉത്തര കൊറിയക്കെതിരേ സൈനികാക്രമണം നടത്തിയാല്‍ മുഴുവന്‍ ആക്രമണശേഷിയും പ്രയോഗിച്ച് പ്രതിരോധിക്കുമെന്ന് കിം പറഞ്ഞു. ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നും കിം വ്യക്തമാക്കി.

ദക്ഷിണ കൊറിയയും അമേരിക്കയും ജൂലായില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവായുധഭീഷണിയെ നേരിടാനുള്ള പദ്ധതികള്‍ക്കായുള്ള കരാറാണിതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ പക്കല്‍ ആണവായുധം ഇല്ല. ഉത്തര കൊറിയ നടത്തുന്ന ആണവായുധ പരീക്ഷണങ്ങളും മറ്റും കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. മാത്രമല്ല, യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് പ്രതികൂലമായ നീക്കം ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

kim jong un north korea Vladimir Putin in North Korea