ഇന്ത്യ ചൈന അതിര്‍ത്തിയില്‍ മഞ്ഞുരുകി. ലോകത്തിലെ രണ്ടു വമ്പന്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തകര്‍ക്കത്തിന് പരിഹാരമായി. കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്‍മാറ്റ നടപടി പൂര്‍ത്തിയായി. മേഖലയില്‍ പട്രോളിങ് വൈകാതെ ആരംഭിക്കും. പട്രോളിങ് 2020 ഏപ്രിലിന് മുന്‍പുള്ള നിലയിലായിരിക്കും പുനഃരാരംഭിക്കുക. 2020 ജൂണില്‍ ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചത്.നിയന്ത്രണ രേഖയില്‍ നിന്ന് പിന്‍വാങ്ങുന്നതില്‍ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ചൈന ഇക്കാര്യം സ്ഥിരീകരിച്ചു.
അതിര്‍ത്തി മേഖലകളില്‍ സൈനിക പിന്മാറ്റം നടപ്പാക്കാനുള്ള ഇന്ത്യ-ചൈന തീരുമാനത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്വാഗതം ചെയ്തു. യുഎസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും, വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഡെപ്‌സാങ്, ഡെംചോക് മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ ഇരുപക്ഷത്ത് നിന്നുമുള്ള സൈനികര്‍ നീക്കം ചെയ്തു. 2020ല്‍ ചൈനീസ് പക്ഷത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നതിനു മുന്‍പുള്ള സ്ഥിതി പുന:സ്ഥാപിക്കുകയാണ് ലക്ഷ്യം.
കരാറിന് അനുസൃതമായി ഇന്ത്യയും ചൈനയും മുന്നോട്ട് പോവുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വളരെ വേഗത്തില്‍ തന്നെ ഈ പ്രക്രിയ മുന്നോട്ട് പോകുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.
2020 ജൂണിലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ സംഘര്‍ഷ സാധ്യതയും അതിര്‍ത്തി സംഘര്‍ഷവും അവസാനിപ്പിക്കാനാണ് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായത്.
ധാരണ പ്രകാരം യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ച് പിരിമുറുക്കം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെ മേഖലയില്‍ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും തീരുമാനമായതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രിയും അറിയിച്ചു.
2020-ല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് മനസിലാക്കി ഇന്ത്യയുടേയും ചൈനയുടെയും പ്രതിനിധികള്‍ കൂടിയാലോചന നടത്തിയതിന്റെ ബാക്കിപത്രമാണ് എല്‍.എ.സി കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനായി ഇന്ത്യയും ചൈനയും നടപടികള്‍ സ്വീകരിക്കുമെന്ന് സമ്മതിക്കുന്നതാണ് കരാര്‍.
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്റ് കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തിലാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ഗാല്‍വാന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
സൈനികരെ അടക്കം ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചകള്‍ 30 സെഷനുകളായാണ് നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ മൂലകാരണം ഇന്ത്യയുടേയും ചൈനയുടെയും അതിര്‍ത്തികള്‍ കൃത്യമായി വേര്‍തിരിക്കാത്തതാണ്. സെപ്റ്റംബര്‍ 22ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയും ചൈനയും 3400 കിലോമീറ്ററിലധികം നീളത്തില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. നിലവില്‍ അതിര്‍ത്തിയില്‍ ഉടലെടുക്കാനിടയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതിനാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നല്‍കുന്നത്.
ഇതിന്റെ ഭാഗമായാണ് എല്‍.എ.സി കരാര്‍ പൂര്‍ണമായും നടപ്പിലാക്കാനുള്ള നടപടികളില്‍ ഇന്ത്യയും ചൈനയും ഏര്‍പ്പെട്ടത്.അയല്‍ രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന സൗഹൃദപരമായ നീക്കങ്ങളുടെ ആദ്യപടിയാണ് എല്‍.എ.സി കരാറെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞത്.