ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ തന്നെ ഇതിനുള്ള അപേക്ഷ ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ മേയ് 20ന് മുന്നോട്ടുവെച്ചിരുന്നു. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉള്‍പ്പെടെ അവരുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കള്‍ ബോധപൂര്‍വം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബര്‍ വിലയിരുത്തി. തുടര്‍ന്നായിരുന്നു വാറണ്ട് പുറപ്പെടുവിക്കാനുള്ള ഏകകണ്ഠമായ തീരുമാനം. നേരത്തേ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നല്‍കാനുള്ള കരീം ഖാന്റെ ആവശ്യം ഇസ്രയേല്‍ നിരസിച്ചിരുന്നു.
ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ ആശങ്കയുണയര്‍ത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും ഗാസയില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിലേക്കും പരിക്കുകളിലേക്കും നയിച്ച വലിയ തോതിലുള്ള ബോംബാക്രമണവുമെല്ലാം ഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നു.