ഫ്‌ളോറിഡയില്‍ കനത്ത നാശം വിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കനത്ത മഴയും കൊടുങ്കാറ്റിലും ഫ്‌ളോറിഡയിലും സമീപ മേഖലകളിലും ജനജീവിതം താറുമാറായി. ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായി. പ്രദേശം വെള്ളത്തില്‍ മുങ്ങി.
വീടുകള്‍ തകര്‍ന്നു. വലിയ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. ട്രാഫിക് ലൈറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നു വീണതായി യുഎസ്എ റ്റുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊടുങ്കാറ്റില്‍ താമ്പ തീരത്ത് കടല്‍ ഉള്‍വലിഞ്ഞു. കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പാണ് എമര്‍ജന്‍സി മാനേജ്‌മെന്റ് വിഭാഗം നല്‍കിയത്. മറ്റൊരു കാറ്റില്‍ വെള്ളം തിരിച്ചെത്തുമെന്നും വലിയ ദുരന്തത്തിനു കാരണമാകും എന്നാണ് മുന്നറിയിപ്പ്.
കൊടുങ്കാറ്റിലും പേമാരിയിലും വെളളപ്പൊക്കത്തിലും രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിഴക്കന്‍ തീരപ്രദേശമായ ഫോര്‍ട്ട് പിയേഴ്‌സില്‍ ഒരു കെട്ടിടം തകര്‍ന്നാണ് മരണം ഉണ്ടായതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 3.2 ദശലക്ഷം വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം തകര്‍ന്നതായി യുഎസ്എ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. താമ്പ, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, ക്ലിയര്‍ വാട്ടര്‍ മേഖലകള്‍ വെളളത്തിനടിയിലായി.
അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തിലാണ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കര തൊട്ടത്. മില്‍ട്ടണ്‍ കരതൊട്ടതോടെ ഫ്‌ലോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ് ഉണ്ടായത്. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.
160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മില്‍ട്ടണെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഫ്‌ലോറിഡയില്‍ നടത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കിയിരുന്നു.
ഫ്‌ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഹെലീന്‍ 160 ലധികം മനുഷ്യ ജീവന്‍ കവര്‍ന്നിരുന്നു.
നോര്‍ത്ത് കരോലിനയില്‍ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയില്‍ 36 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ജോര്‍ജിയയില്‍ 25 പേരും ഫ്‌ലോറിഡയില്‍ 17 പേരും ടെന്നേസിയില്‍ ഒന്‍പത് പേരും മരിച്ചു.