വാഷിങ്ടൺ: ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റുകളുടെ ഗണത്തിൽപ്പെടുന്ന കാറ്റഗറി 5ൽ പെടുന്ന മിൽട്ടൻ ചുഴലിക്കാറ്റിൻറെ ജാഗ്രതയിലാണ് അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡ.നാളെയാണ് കടുത്ത നാശം വിതറിക്കൊണ്ട് മിൽട്ടൻ ഫ്ലോറിഡയിൽ എത്തുക. കാലാവസ്ഥാ നീരീക്ഷകരുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച് കഴിഞ്ഞദിവസം (ഒക്ടോബർ 7) ശരവേഗത്തിൽ കാറ്റഗറി അഞ്ചിലേക്ക് മിൽട്ടൻ വീശിയടിക്കുകയായിരുന്നു.നേരത്തെ ഹെലെൻ കൊടുങ്കാറ്റ് വരുത്തിവെച്ച ദുരന്തമൊന്നും ഇതിന്റെ മുൻപിൽ ഒന്നുമല്ലെന്നാണ് വിദഗ്ധർ ചൂണ്ടികാട്ടുന്നത്.
ഫ്ലോറിഡ തീരത്ത് അതീവജാഗ്രതയും മിൽട്ടൺ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങളും യുദ്ധസമാനമായി നീങ്ങുകയാണ്.അഞ്ചടിയോളം ഉയരത്തിൽ, മണിക്കൂറിൽ 175 മൈൽ, വേഗതയിൽ വരെ എത്തുന്ന കൊടുങ്കാറ്റിനെ കരുതിയിരിക്കാൻ ഏകദേശം അറുപത് ലക്ഷത്തോളം പേർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നിരവധി പേരെ അപകടം മുന്നിൽ കണ്ട് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ഇതിനിടെ കൊടുങ്കാറ്റിൻറെ യഥാർഥ രൂപം വ്യക്തമാക്കുന്ന വീഡിയോ ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്യാമറകൾ ബഹിരാകാശത്ത് നിന്ന് പകർത്തിയിരുന്നു.
മിൽട്ടൺ കൊടുങ്കാറ്റ് ഗൾഫ് ഓഫ് മെക്‌സിക്കോയിലൂടെ സഞ്ചരിക്കുന്നതിൻറെ ദൃശ്യങ്ങള്ളാണ് രാജ്യാന്തര ബഹിരാകാശ നിലയം പകർത്തിയത്. മിൽട്ടൺ കൊടുങ്കാറ്റിന് മുകളിലൂടെ പറന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഈ കാഴ്‌ച ക്യാമറയിലാക്കിയത്. മിൽട്ടൺ ചുഴലിക്കാറ്റിൻറെ ഭീമാകാരമായ വ്യാപ്തിയും കണ്ണും ഈ വീഡിയോയിൽ വ്യക്തമായി കാണാം. മിൽട്ടൺ ചുഴലിക്കാറ്റിൻറെ ദൃശ്യങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയം സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
സമീപകാലത്തെ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളിലൊന്നിനെ നേരിടാൻ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്ലോറിഡ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാൻ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. 12 കോടിയിലധികം ജനങ്ങൾ നിരീക്ഷണത്തിലാണ്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും ഫ്ലോറിഡ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു. ഹെലേൻ കൊടുങ്കാറ്റ് ആഞ്ഞടിച്ച് വെറും 10 ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത ചുഴലിക്കാറ്റ് അമേരിക്കയിൽ കരകയറാനിരിക്കുന്നത്.
ഫ്‌ലോറിഡയിലെ നഗരമായ ടാമ്പ ബേയിലെ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്, നിലവിലെ ട്രാക്കിൽ നിന്നും വ്യതിചലിക്കാതിരുന്നാൽ, ടാമ്പ ഭാഗത്ത് കഴിഞ്ഞ 100 ല അധികം വർഷങ്ങൾക്കുള്ളിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും ഭീകരമായ ദുരിതമായിരിക്കും ഉണ്ടാവുക എന്നാണ്. അവർ നൽകിയ ഗ്രാഫിക് ചിത്രങ്ങൾ കാണിക്കുന്നത്, ടാമ്പ/ സെയിന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള ഫ്‌ലോറിഡ തീരം മുഴുവനും ലെവൽ 4 പ്രഭാവം അനുഭവിക്കും എന്നാണ്.
ഇതിൽ കടൽജലം ഏതാനും മൈലുകൾ കരയിലേക്ക് കടന്നു കയറുവാനുള്ള സാധ്യത പോലുമുണ്ട്. ബോട്ടു ജെട്ടികൾ, ഡോക്കുകൾ, കടൽപ്പാലം എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. ഫ്‌ലോറിഡ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടാകെ ഈ കാറ്റിന്റെ പ്രഭാവം ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഫ്‌ലോറിഡയിലെ പ്രധാന നഗരങ്ങളയ ടാമ്പ, ഓർലാൻഡോ, ഫോർട്ട് മെയേഴ്സ്, എന്നിവിടങ്ങളിലൊക്കെ മിൽട്ടൻ ആഞ്ഞടിക്കും. 12 ഇഞ്ച് വരെ മഴ പലയിടങ്ങളിലും പെയ്തിറങ്ങാനും സാധ്യതയുണ്ട്.
പടിഞ്ഞാറൻ കടൽത്തീരത്തായിരിക്കും ഇതിന്റെ പ്രഭാവം കൂടുതലായി കാണുക. കൊടുങ്കാറ്റ് ശക്തമായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞു പോകണമെന്ന് കോൺഗ്രസ്സ് അംഗം അന്ന പോളിന ആവശ്യപ്പെട്ടു. തന്റെ എക്സ് പോസ്റ്റിലൂടേയാണ് അവർ4 ജനങ്ങളോട് അത് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ വിനാശകരമായിരിക്കും കാറ്റെന്നും അവർ പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു. ടാമ്പ മേയർ ജെയ്ൻ കാസ്റ്ററും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.