ഫ്‌ലോറിഡയില്‍ കനത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്‌ലാന്റയിലേക്കും വ്യാപിക്കുന്നു. ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്‌ലാന്റ നഗരത്തില്‍ ചരിത്രത്തിലാദ്യമായി മിന്നല്‍പ്രളയ മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ യാത്രകള്‍ ഒഴിവാക്കണമെന്നും വാഹനങ്ങള്‍ പുറത്തിരക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.
ഫ്‌ലോറിഡയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹെലന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. അതിനു ശേഷമാണ് അത് ജോര്‍ജിയയിലേക്കെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്‌ലാന്റയില്‍ കനത്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി റോഡുകളിലും വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലും വെള്ളം കയറി. പലയിടത്തും ആളുകളും വളര്‍ത്തുമൃഗങ്ങളുമടക്കം കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴക്കെടുതിയില്‍ കുടുങ്ങിയ മുപ്പതോളം പേരെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളം കയറാനിടയുള്ള പ്രദേശങ്ങളില്‍നിന്ന് നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു.