അമേരിക്കയില്‍ സര്‍വ്വ നാശം വിതച്ച് ഹെലിന്‍ ചുഴലിക്കാറ്റ്. നോര്‍ത്ത് കരോലൈന, സൗത്ത് കരോലൈന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നസി, വിര്‍ജീനിയ എന്നിവിടങ്ങളില്‍ കനത്ത നാശം വിതച്ചാണ് 'ഹെലിന്‍' കടന്നുപോയത്. ഫ്‌ലോറിഡ മുതല്‍ വിര്‍ജീനിയ വരെ വെള്ളപ്പൊക്കത്തിനും 'ഹെലിന്‍' കാരണമായതായാണ് വിവരം. മരണസംഖ്യ 102 ആയി ഉയര്‍ന്നു.
പ്രദേശത്ത് നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സവും, 100 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. റോഡുകളും പാലങ്ങളും തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നോര്‍ത്ത് കരോലൈന, സൗത്ത് കരോലൈന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നസി, വിര്‍ജീനിയ എന്നിവിടങ്ങളിലായി 90 പേരോളം മരണപ്പെട്ടതായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സൗത്ത് കരോലിനയില്‍ 25 പേരും ജോര്‍ജിയയില്‍ 17 പേരും ഫ്‌ലോറിഡയില്‍ 11 പേരും മരിച്ചതായി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അറിയിച്ചു. മേഖലയിലുടനീളമുള്ള ടവറുകള്‍ തകര്‍ന്നതോടെ മൊബൈല്‍ ബന്ധം തകരാറിലായി.
പ്രസിഡന്റ് ജോ ബൈഡന്‍ ഈ ആഴ്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന ടെന്നസി, സൗത്ത് കരോലൈന, ജോര്‍ജിയ, വിര്‍ജീനിയ, അലബാമ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.