ഇറാന്‍, ഇസ്രയേലിനെ എങ്ങനെ നേരിടും? ആക്രമണങ്ങള്‍ക്ക് എങ്ങനെ തിരിച്ചടിക്കും? അതിന്റെ തീവ്രത എത്രത്തോളമായിരിക്കും? ഇറാനെ അത് എങ്ങനെയെല്ലാം ബാധിക്കും? ആണവായുധങ്ങള്‍ പ്രയോഗിക്കുമോ? ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്. ആണവ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ സംഘര്‍ഷം നീങ്ങുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
അതിനിടെയാണ് ഇറാന്റെ ഖുദ്‌സ് സേനയുടെ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെ കാണാതായത്. 67കാരനായ ഖാനി എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇറാനിലെ മാധ്യമങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. ഇറാന്‍ സര്‍ക്കാരും ഖാനിക്ക് എന്തു പറ്റിയെന്നു വ്യക്തമാക്കിയിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ പുറത്തുള്ള ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഖുദ്‌സ് സേനയാണ്. ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങള്‍ക്കും ലബനനിലെ ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികള്‍ക്കും ഗാസയിലെ ഹമാസിനും പരീശീലനവും ആയുധവും നല്‍കുന്നത് ഖുദ്‌സ് സേനയാണ്.
ഇസ്രയേലിന്റെ ലബനനിലെ ആക്രമണത്തിന് ശേഷമാണ് ജനറല്‍ ഖാനിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇസ്രയേലി ആക്രമണത്തില്‍ ജനറല്‍ ഖാനി കൊല്ലപ്പെടാനോ പരുക്കേല്‍ക്കാനോ സാധ്യതയുണ്ടെന്ന് ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്‍ സൈന്യം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ വധിച്ച് രണ്ടു ദിവസത്തിനുശേഷം ടെഹ്‌റാനിലെ ഹിസ്ബുല്ലയുടെ ഓഫിസിലാണ് ജനറല്‍ ഖാനി അവസാനം എത്തിയതെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി വെള്ളിയാഴ്ച നടത്തിയ പ്രാര്‍ഥനയിലും ഖാനിയുടെ അസാന്നിധ്യം ചര്‍ച്ചയായി. ഹിസ്ബുല്ലയുടെ സീനിയര്‍ നേതാക്കളെ കാണാന്‍ ജനറല്‍ ഖാനി ബയ്‌റൂട്ടിലേക്ക് പോയെന്ന വിശദീകരണമാണ് ഇറാനിയന്‍ അധികൃതര്‍ നല്‍കിയത്.
ഇതോടെയാണ് ഖാനിക്ക് എന്തു പറ്റിയെന്ന ചര്‍ച്ച സജീവമായത്. ഖാനി കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്.
ഇറാനിലെ ശക്തനായ സൈനിക മേധാവിയാണ് ഖാനി. 2020 ജനുവരി മൂന്നിനാണ് ഇറാന്റെ ഖുദ്‌സ് സേനയുടെ തലവനായി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി ചുമതലയേറ്റത്. ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യുഎസ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജനറല്‍ ഇസ്മായില്‍ ഖാനി പിന്‍ഗാമിയായി ചുമതലയേറ്റത്.
ഹിസ്ബുല്ല നേതാവ് നസ്‌റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാന്‍ ഇരുന്നൂറോളം മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടിരുന്നു. ഇസ്രയേല്‍ തിരിച്ചടിക്കും എന്നും വ്യക്തം. അതിനിടയിലാണ് ഖാനിയെ കാണാതായത്.
ഇറാന്‍ സൈന്യം അതീവ ജാഗ്രതയിലാണ്. ഇസ്രയേല്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ, ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഒരു വര്‍ഷം തികയുന്നു.
ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിനെയും നോക്കുകുത്തിയാക്കിയാണ് ടെല്‍ അവീവില്‍ ഹമാസ് ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ലഡ് എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തത് അയ്യായിരത്തോളം റോക്കറ്റുകളാണ്. ആക്രമണത്തില്‍ 1,200 ലേറെ ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു കടത്തി.
തൊട്ടടുത്ത ദിവസം തന്നെ സ്വോര്‍ഡ്സ് ഓഫ് അയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങി. ഹമാസ് ആക്രമണത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ പലസ്തീനില്‍ കൊല്ലപ്പെട്ടത് 42,870 പേരാണ്. 16,500 കുട്ടികളാണ് മരിച്ചത്. 97,166 പേര്‍ക്ക് പരിക്കേറ്റു.
വിവിധ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ മരിച്ചത് 1,139 പേര്‍. പരുക്കേറ്റത് 8,730 പേര്‍ക്കും. ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയാകെ വ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്.