ട്രംപ് 2.0 ഇന്ത്യ-യുഎസ് ബന്ധങ്ങളെ എങ്ങനെ ബാധിക്കും

ലോകമെന്താ ഇങ്ങനെ...അതങ്ങനെ തന്നെ... നാട്ടില്‍ ഇങ്ങനൊരു പ്രയോഗമുണ്ട്.അതാണ് ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലും നടന്നിരിക്കുന്നത്.ഇനി ഇവിടെ പറയേണ്ടെ മറ്റൊരു സംഗതി കൂടിയുണ്ട്.

author-image
Rajesh T L
New Update
MODI

ലോകമെന്താ ഇങ്ങനെ...അതങ്ങനെ തന്നെ...നാട്ടില്‍ ഇങ്ങനൊരു പ്രയോഗമുണ്ട്. അതാണ് ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലും നടന്നിരിക്കുന്നത്. 

ഇനി ഇവിടെ പറയേണ്ടെ മറ്റൊരു സംഗതി കൂടിയുണ്ട്.ട്രംപിന്റെ വിജയം ലോകത്ത് ഇന്ത്യയുടെ ശക്തി ഒന്നുകൂടി ഊട്ടി ഉറപ്പിച്ചിരിക്കുന്നു.അതിനൊരു ഉദാഹരണവുമുണ്ട്...ആരാണ് എഡിറ്റ് ചെയ്തത് എന്നറിയില്ല.തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ ഡൊണാള്‍ഡ് ട്രംപ് ഒരു ഫോട്ടോ തന്റെ എക്സ് പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആരാണ് ചിത്രം എഡിറ്റ് ചെയ്തത് എന്നായിരുന്നു പോസ്റ്റില്‍ അദ്ദേഹം കുറിച്ചത്. അത് വെറുമൊരു പോസ്റ്റായിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രധാരണവും ശൈലിയും കടമെടുത്തുള്ള ചിത്രമായിരുന്നു പ്രചരിച്ചത്.അറിഞ്ഞോ അറിയാതെയോ ഇന്ത്യന്‍ മോഡലിലാലാണ് അവസാന ലാപ്പ് ഓടിക്കയറാന്‍ ട്രംപ് തീരുമാനിച്ചത്.

ഇനി ഒരു കാര്യം ഉറപ്പായി... ഇനി ലോക ചക്രം നിയന്ത്രിക്കുക ഇന്ത്യയും അമേരിക്കയും ആയിരിക്കും. അങ്ങനെ പറയാന്‍ കാരണങ്ങളുമുണ്ട്. ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചത് ഹൗഡി മോദി,നമസ്തേ ട്രംപ് പരിപാടികളായിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര പങ്കാളിയാണ് യു.എസ്.ട്രംപ് വീണ്ടും പ്രസിഡന്റാവുന്നതോടെ വ്യാപാരം, കുടിയേറ്റം, സൈനിക സഹകരണം, നയതന്ത്രം തുടങ്ങിയ തലങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരും എന്ന ചര്‍ച്ചയാണ് നടക്കുന്നത്.

അമേരിക്കന്‍ ജനതക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് ട്രംപിന്റെ വിദേശനയം.ആദ്യമായി പ്രസിഡന്റായപ്പോള്‍, പാരീസ് കാലാവസ്ഥ ഉടമ്പടി, ഇറാന്‍ ആണവ കരാര്‍ പോലുള്ള പ്രധാനപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് ഒറ്റയടിക്ക് പിന്‍വാങ്ങുകയാണ് ട്രംപ് ചെയ്തത്. വീണ്ടും അധികാരത്തിലെത്തുമ്പോള്‍, ഇത്തരം നയങ്ങളുമായി മുന്നോട്ടുപോയാല്‍ ഇന്ത്യയടക്കമുള്ള യു.എസിന്റെ സഖ്യകക്ഷികളെ അത് അലോസരപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുമായുള്ള ബന്ധത്തെ സ്വാധീനിക്കുന്ന മറ്റൊന്ന് വ്യാപാരമാണ്. തിരഞ്ഞെടുക്കപ്പെട്ടാന്‍ നികുതി നയം പരിഷ്‌കരിക്കുമെന്നും വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതിചുങ്കം ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ വ്യാപാരം, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച വലിയ പ്രതിസന്ധിയായിരിക്കുമെന്ന് വിദേശകാര്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങളായി സൈനിക-പ്രതിരോധ മേഖലകളില്‍ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് ക്രിറ്റിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്നോളജി പോലുള്ളവ പുതിയ തുടക്കത്തിനും ജി.ഇ. ഹാള്‍ കരാറിനും തുടക്കം കുറിക്കുകയുണ്ടായി. ചൈനയെ നേരിടാന്‍ യു.എസ്, ഇന്ത്യ, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ക്വാഡ് സഖ്യത്തിന് ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ ട്രംപ് പുകഴ്ത്തിയിരുന്നു.തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

ഒരു പോഡ്കാസ്റ്റ് പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച് വിലയിരുത്തുമ്പോഴാണ് മോദിയേക്കുറിച്ചും ട്രംപ് സംസാരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദി തന്റെ നല്ല സുഹൃത്തും സര്‍വോപരി നല്ലൊരു മനുഷ്യനുമാണ്.മോദി പ്രധാനമന്ത്രിയാവുന്നതിനുമുന്‍പ് ഇന്ത്യ അസ്ഥിരമായ അവസ്ഥയിലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ടോട്ടല്‍ കില്ലര്‍ എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.

2019-ല്‍ ടെക്‌സസില്‍ നടന്ന ഹൗഡി മോദി പരിപാടിയേക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു.ഹൂസ്റ്റണില്‍ നടന്ന പരിപാടി തനിക്കൊരിക്കലും മറക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു.ഹൗഡി മോദി എന്ന പേരില്‍ ടെക്‌സസില്‍ അവരൊരു പരിപാടി നടത്തിയിരുന്നു. ഞാനും അദ്ദേഹവുമാണതില്‍ പങ്കെടുത്തത്. മനോഹരമായ അനുഭവമായിരുന്നു അത്.എണ്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു അത്.ഞങ്ങള്‍ ഒരുമിച്ച് ജനങ്ങളോട് സംസാരിച്ചു. ഇന്ന് ചിലപ്പോള്‍ അതുപോലൊന്ന് സംഘടിപ്പിക്കാന്‍ എനിക്ക് കഴിയില്ലായിരിക്കും. ട്രംപ് പറഞ്ഞു.

prime minister president donald trump narendra modi pm narendramodi presidential election donald trumps