പുതിയ മേധാവിയെ തിരഞ്ഞെടുത്തിനു പിന്നാലെ, ഇസ്രയേലിനെതിരെ അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് ലബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. ഒക്ടോബര്‍ 29 ന് 75 റോക്കറ്റുകളാണ് വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ആക്രമണത്തില്‍ 24കാരന്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ പൗരനായ മുഹമ്മദ് നയീമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്നതായി ഐഡിഎഫും സ്ഥിരീകരിച്ചു.
അതിനിടെ, ലെബനനില്‍ കനത്ത ആക്രമണവുമായി ഇസ്രയേല്‍ സൈന്യം മുന്നോട്ടുപോകുകയാണ്. സഫരാന്‍ഡിലും സിഡോനിലും കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം ഇസ്രയേല്‍ സൈന്യം നടത്തി. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലബനനിലെ ഖയാം ഗ്രാമത്തില്‍ ഇസ്രയേലിന്റെ ടാങ്കുകള്‍ പ്രവേശിച്ചതായി ഇസ്രയേലി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം കരയാക്രമണം തുടങ്ങിയ ശേഷം ഇസ്രയേല്‍ തെക്കന്‍ ലെബനനില്‍ നടത്തുന്ന ഏറ്റവും വലിയ കടന്നുകയറ്റമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഐഡിഎഫ് ടാങ്കുകളെ തകര്‍ത്തതായും ഇസ്രയേല്‍ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഹിസ്ബുള്ള അറിയിച്ചു.
അതിനിടെ, സൗത്ത് ലെബനനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഐഡിഎഫിനെതിരെ ഹിസ്ബുള്ളയും ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുള്ള , നയിം ഖാസിമിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. പിന്നാലെ ഖാസിമിനെയും വധിക്കുമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ് വന്നു . നയിം ഖാസിമിന്റേത് താല്‍ക്കാലിക നിയമനം മാത്രമാണ്. അധികകാലം പദവിയില്‍ തുടരില്ലെന്നും , ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
ഇസ്രയേല്‍ കൊല്ലപ്പെടുത്തിയ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായാണ് ഖാസിമിനെ തിരഞ്ഞെടുത്തത്. നസറുള്ള കഴിഞ്ഞാല്‍ ഹിസ്ബുള്ള നേതൃത്വത്തിലെ രണ്ടാമനായിരുന്നു എഴുപത്തിയൊന്നുകാരനായ നയീം ഖാസിം.1982-ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചതിന് ശേഷമാണ് ഹിസ്ബുല്ല രൂപീകരിച്ചത്. സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഖാസിം.
സെപ്റ്റംബര്‍ 28ന് ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചത്. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയിലുള്ള ഹിസ്ബുല്ല ആസ്ഥാനത്തിനുനേരെ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്.