ഇസ്രയേലില്‍ ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഹിസ്ബുല്ല വടക്കന്‍ ഇസ്രായേലില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് അസാധാരണമായി ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയത്. വടക്കന്‍ ഇസ്രായേലിലെ നിരവധി മുനിസിപ്പാലിറ്റികളില്‍ നാട്ടുകാര്‍ക്ക് ഭൂകമ്പ അലെര്‍ട്ട് ലഭിച്ചെന്ന് ജെറൂസലം പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, സാങ്കേതിക തകരാറിനെ തുടര്‍ന്നുള്ള വ്യാജ മുന്നറിയിപ്പാണിതെന്നാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് പ്രതികരിച്ചത്. വടക്കന്‍ മേഖലയിലുണ്ടായ ഉഗ്രസ്ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനമാണ് അലെര്‍ട്ടിന് ഇടയാക്കിയതെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇസ്രായേല്‍ പ്രസ്താവനയില്‍ അറിയിച്ചത്.
ഗോലാന്‍ കുന്നുകള്‍, ഹൈഫ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രദേശവാസികള്‍ക്ക് അപായ സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിസ്ബുല്ല ആക്രമണം കടുപ്പിക്കുന്ന മേഖലയാണിത്. ദിവസവും നൂറുകണക്കിനു റോക്കറ്റുകളാണ് ഹിസ്ബുല്ല മേഖലയിലേക്ക് അയയ്ക്കുന്നത്.
മൊബൈല്‍ ഫോണുകളില്‍ നിരവധി പേര്‍ക്ക് അലെര്‍ട്ട് ലഭിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു മിനിറ്റിനകം സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാനും നിര്‍ദേശമുണ്ടായിരുന്നു.
വടക്കന്‍ മേഖലയില്‍ രാവിലെ നടന്ന സ്ഫോടനത്തെ തുടര്‍ന്നാണ് ഭൂകമ്പ മുന്നറിയിപ്പുകള്‍ ഉണ്ടായതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. സ്ഫോടനം ഭൂകമ്പമായാണ് ഭൂചന മാപിനി മനസിലാക്കിയത്. ഇതേതുടര്‍ന്നാണ് മുന്നറിയിപ്പുകള്‍ പുറത്തിറക്കിയതെന്നും ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
ഹിസ്ബുല്ലയുടെ ആയുധശേഖരം നശിപ്പിച്ചതിന്റെ പ്രകമ്പനമാണ് ഉണ്ടായതെന്നും ഐഡിഎഫ് അവകാശപ്പെടുന്നുണ്ട്. ദക്ഷിണ ലബനാനില്‍ സൈന്യം നടത്തിയ ഓപറേഷന്റെ സ്ഫോടക ശബ്ദമാണ് വടക്കന്‍ ഇസ്രായേലില്‍ കേട്ടതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐഡിഎഫ് വ്യക്തമാക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ഇസ്രയേല്‍, ഇറാനെ ആക്രമിച്ചതിനു പിന്നാലെ ലബനനിലും ഇസ്രയേലിലും സംഹാര താണ്ഡവമാടുകയാണ് ഹിസ്ബുള്ള. ഇസ്രയേല്‍, തെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ നാലു ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരമായി 7 ഇസ്രയേല്‍ സൈനികരെയാണ് ഹിസ്ബുള്ള ലബനനില്‍ കൊന്നുതള്ളിയത്. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതിനു പ്രതികാരമായാണ് ഹിസ്ബുള്ള ഐഡിഎഫ് പട്ടാളക്കാരെ കൊലപ്പെടുത്തിയത് എന്നാണ് വിലയിരുത്തല്‍.
ശനിയാഴ്ച തെക്കന്‍ ലെബനനില്‍ ഏഴു ഐഡിഎഫിന്റെ പട്ടാളക്കാരെ ഹിസ്ബുള്ള കൊലപ്പെടുത്തിയതായി പ്രസ് ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 21 പട്ടാളക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. എന്നാല്‍, സൈനികര്‍ കൊല്ലപ്പെട്ട വിവരം ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല.
ശക്തമായ ആക്രമണവുമായി മുന്നോട്ടുപോകുകയാണ് ഹിസ്ബുള്ള. തെക്കന്‍ ലബനനില്‍ അതിശക്തമായ പ്രഹരമാണ് ഐഡിഎഫിനിന് ഹിസ്ബുള്ള ഏല്‍പ്പിച്ചത്.
ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലിലും കനത്ത ആക്രമണം അഴിച്ചുവിട്ടു. ഒക്ടോബര്‍ 26 ന് ലബനനില്‍ നിന്ന് ഇസ്രയേലിലേക്ക് 190 റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 27 നും വടക്കന്‍ ഇസ്രയേലില്‍ അപായമണി മുഴങ്ങിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെസ്റ്റണ്‍ അപ്പര്‍ ഗലീലി, കിഡ്മത്ത്, നഹാരിയ, കിര്യത്ത് ഷ്‌മോന എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 27 ന് പ്രഭാതത്തില്‍ നാലു ഡ്രോണുകള്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് എത്തിയതായി ഐഡിഎഫ് പറഞ്ഞു. രാവിലെ അഞ്ചു മണിയോടെ രണ്ടു ഡ്രോണുകളെ വെടിവച്ചിട്ടതായി ഐഡിഎഫ് അറിയിച്ചു. ഇസ്രയേലിന്റെ വ്യോമമേഖലയില്‍ പ്രവേശിച്ച രണ്ടു ഡ്രോണുകളെ പ്രതിരോധിച്ചതായും ഐഡിഎഫ് വ്യക്തമാക്കി.