ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യമാണ് ഉത്തര കൊറിയ. അത് അമേരിക്കയ്‌ക്കെതിരെ പ്രയോഗിക്കുമെന്ന് പലവട്ടം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍, ഇതുവരെ ഉത്തര കൊറിയയെ തൊടാന്‍ പോലും അമേരിക്കയ്‌ക്കോ അവരുടെ സഖ്യകക്ഷികള്‍ക്കോ കഴിഞ്ഞിട്ടില്ല. ഉപരോധം ഏര്‍പ്പെടുത്തുക എന്നതിലുപരി മറ്റൊരു സൈനിക നടപടിയിലേക്കും പോകാനുള്ള ധൈര്യം അമേരിക്കന്‍ ചേരിക്ക് ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അതുകൊണ്ടാണ് ട്രംപിന്റെ ഭരണകാലത്ത് ആണവ പോര്‍മുന അമേരിക്കയ്ക്ക് നേരെ തിരിച്ചുവച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് തന്നെ ഓടിവന്ന് കിം ജോങ് ഉന്നുമായി സമവായ ചര്‍ച്ച നടത്തിയത്. അമേരിക്ക ദക്ഷിണ കൊറിയയെ സഹായിക്കുന്നതും ഉത്തര കൊറിയക്ക് നേരെ ഉപരോധം ഏര്‍പ്പെടുത്തിയതിലും കടുത്ത പക ഇപ്പോഴും ഉത്തര കൊറിയക്കുണ്ട്. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ നല്‍കിയ ആയുധങ്ങള്‍ക്കും ചൈന നല്‍കിയ ആയുധങ്ങള്‍ക്കും പുറമെ അപകടകാരികളായ അനവധി ആയുധങ്ങള്‍ ഉത്തര കൊറിയ ഇതിനകം തന്നെ വികസിപ്പിച്ചിട്ടുമുണ്ട്.
ഇതെല്ലാം പ്രയോഗിക്കാന്‍ ഒരവസരം കാത്തിരുന്ന കിം ജോങ് ഉന്നിന് അത്തരമൊരവസരം റഷ്യ ഇപ്പോള്‍ നല്‍കിയതായാണ് ലഭിക്കുന്ന വിവരം. യുക്രെയിന് ആയുധങ്ങളും കൂലി പട്ടാളത്തെയും നല്‍കി സഹായിക്കുന്ന അമേരിക്കയെ അതേ രൂപത്തില്‍ തന്നെ നേരിടാന്‍ ഉത്തര കൊറിയന്‍ സൈന്യത്തിനാണിപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
റഷ്യയുമായി ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ഉത്തരകൊറിയ സൈന്യത്തെ അയച്ച് തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ ചാര ഏജന്‍സിയെ ഉദ്ധരിച്ച് ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മേഖലയില്‍ ഗുരുതരമായ സുരക്ഷാ ഭീഷണിക്ക് കാരണമായതായാണ് മുന്നറിയിപ്പ്.
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10,000 ഉത്തരകൊറിയന്‍ സൈനികര്‍ യുദ്ധത്തില്‍ പങ്ക് ചേര്‍ന്നതായി യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ദക്ഷിണ കൊറിയന്‍ ചാര സംഘടനയും നല്‍കിയിരിക്കുന്നത്. അവരുടെ കണക്കുപ്രകാരം 12,000 ഉത്തര കൊറിയന്‍ സൈനികരാണ് റഷ്യയുടെ മുന്നണിയില്‍ ചേര്‍ന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നാണ് ദക്ഷിണ കൊറിയയും യുക്രെയിനും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏകാധിപതിയെന്നും, യുദ്ധക്കൊതിയനെന്നും പാശ്ചാത്യ മാധ്യമങ്ങളും നാറ്റോ സഖ്യവും വിലയിരുത്തുന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നിലവില്‍ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ്. പുടിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ 'അടുത്ത സഖാവ്' എന്നാണ്, കിം ജോങ് ഉന്‍ വിശേഷിപ്പിച്ചിരുന്നത്.
പുടിന്‍ എന്തു പറഞ്ഞാലും കിം ചെയ്യും. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനാകട്ടെ കാരണങ്ങള്‍ പലതുമാണ്. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ കൊറിയകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഉത്തര കൊറിയയുടെ ഒപ്പം നിന്ന ചരിത്രമാണ് റഷ്യയ്ക്കുള്ളത്. സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചെങ്കിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ഇപ്പോഴും പുടിന്റെ നേതൃത്വത്തില്‍ റഷ്യ തുടരുന്നുണ്ട് എന്നു തന്നെയാണ് കിം ജോങ് ഉന്‍ വിശ്വസിക്കുന്നത്.
അമേരിക്കന്‍ ചേരിയുടെ ഭാഗത്ത് നിന്നുള്ള പ്രതികാര നടപടികള്‍ ചെറുക്കാന്‍ റഷ്യയുമായി പ്രത്യേക സൈനിക ഉടമ്പടിയിലും കിം ജോങ് ഉന്‍ അടുത്തിടെ ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം ഉത്തര കൊറിയക്കെതിരെയും റഷ്യയ്‌ക്കെതിരെയും എന്ത് നീക്കങ്ങള്‍ ശത്രു രാജ്യങ്ങളില്‍ നിന്നും ഉണ്ടായാലും പരസ്പരം സഹായിക്കുമെന്നതാണ് കരാര്‍. ദക്ഷിണ കൊറിയയെയും അമേരിക്കയെയും ഞെട്ടിച്ച കരാറായിരുന്നു ഇത്.
ഇത്തരമൊരു ഉടമ്പടിക്ക് ശേഷമാണ് ഉത്തര കൊറിയ റഷ്യയിലേക്ക് സൈനികരെയും ആയുധങ്ങളും അയച്ചുവെന്ന വിവരങ്ങളും, ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നതായ വിവരങ്ങളും പുറത്ത് വന്നിരുന്നത്. ഇതോടെ ഈ സൗഹൃദ രാജ്യങ്ങളെ കൂടുതലായി സഹായിക്കേണ്ട സമ്മര്‍ദ്ദമാണ് അമേരിക്ക നേരിടുന്നത്. ഇതിനുപുറമെ, ഇസ്രയേലിനെയും തായ്വാനെയും സംരക്ഷിക്കാനും അമേരിക്കയ്ക്ക് ആയുധങ്ങളും സൈനികരെയും നല്‍കേണ്ടതായുണ്ട്. ഇത് അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്ക് മേല്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദവും ഏറെയാണ്.
കിഴക്കന്‍ റഷ്യയില്‍ ഏകദേശം 12,000 ഉത്തരകൊറിയന്‍ സൈനികരാണ് പരിശീലനം നടത്തുന്നത്. 'നവംബര്‍ ഒന്നിന് അവര്‍ യുക്രെയിന് നേരെ യുദ്ധം ചെയ്യാന്‍ തയ്യാറാകുമെന്നാണ് യുക്രെയിന്‍ ഡിഫന്‍സ് ഇന്റലിജന്‍സിന്റെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ കിറിലോവ് ബുഡനോവ് ഭയക്കുന്നത്.
ഉത്തര കൊറിയക്കാര്‍ റഷ്യന്‍ ഉപകരണങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുമെന്നും റഷ്യയുടെ പടിഞ്ഞാറന്‍ കുര്‍സ്‌ക് മേഖലയിലേക്കായിരിക്കും സൈനികരുടെ ആദ്യ സംഘത്തെ അയയ്ക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വ്‌ലാഡിവോസ്റ്റോക്ക്, ഉസ്സൂറിസ്‌ക്, ഖബറോവ്‌സ്‌ക്, ബ്ലാഗോവെഷ്‌ചെന്‍സ്‌ക് എന്നിവിടങ്ങളിലെ റഷ്യന്‍ താവളങ്ങളില്‍ ഉത്തരകൊറിയന്‍ സൈനികര്‍ പരിശീലനം ആരംഭിച്ചതായി ദക്ഷിണ കൊറിയയുടെ ചാരസംഘടനയായ എന്‍ഐഎസും ആരോപിച്ചിട്ടുണ്ട്. ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യന്‍ താവളങ്ങളില്‍ എത്തിയതിന്റെയും, കപ്പലില്‍ സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങളും അമേരിക്കന്‍ ചേരി പുറത്ത് വിട്ടിട്ടുണ്ട്. ആഗസ്റ്റ് മുതല്‍ ഉത്തരകൊറിയ... റഷ്യയിലേക്ക് ഷെല്ലുകളും മിസൈലുകളും റോക്കറ്റുകളും വഹിക്കുന്ന. 13,000 ഷിപ്പിംഗ് കണ്ടെയ്നറുകള്‍ അയച്ചതായി കണ്ടെത്തിയതായ വിവരം പാശ്ചാത്യ മാധ്യമങ്ങളും ഇതോടൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. യുദ്ധക്കൊതിയനായ ഉത്തര കൊറിയന്‍ ഭരണാധികാരി ഈ യുദ്ധത്തില്‍ തന്റെ സൈനികരെ പങ്കെടുപ്പിക്കുന്നത് 'യുദ്ധ പരിശീലനം' കൂടി ലക്ഷ്യമിട്ടാണെന്നാണ് അമേരിക്ക സംശയിക്കുന്നത്.
എന്നാല്‍, യുക്രെയിനെ മറയാക്കി റഷ്യയോട് യുദ്ധം ചെയ്യുന്ന അമേരിക്കന്‍ ചേരിയോടുള്ള റഷ്യയുടെ മധുരമായ പ്രതികാരമായാണ് സമാന രീതിയിലുള്ള ഈ നീക്കത്തെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.