അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സംഹാര താണ്ഡവമാടി ഇസ്രയേല്‍ മുന്നോട്ടുപോകുകയാണ്. മുതിര്‍ന്ന ഹിസ്ബുള്ള യുഎവി കമാന്‍ഡറെ ഇസ്രയേല്‍ വധിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലിതാനി നദിയുടെ വടക്ക് ഭാഗത്തുള്ള ഹിസ്ബുള്ള യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഖാദര്‍ അല്‍-അബേദ് ബഹ്ജയാണ് കൊല്ലപ്പെട്ട ആ കമാന്‍ഡര്‍.
ആളില്ലാ വിമാനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഹിസ്ബുള്ളയുടെ യൂണിറ്റ് 127 ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎവി കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍, ബഹ്ജ കൊല്ലപ്പെട്ടത് എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമാക്കിയിട്ടില്ല.
ബഹ്ജയുടെ നേതൃത്വത്തില്‍, യുഎവികള്‍, നിരീക്ഷണ വിമാനങ്ങള്‍, ഫൈറ്റർ ജെറ്റ് വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് ഇസ്രയേല്‍ സിവിലിയന്മാര്‍ക്കും ഐഡിഎഫ് സൈനികര്‍ക്കും നേരെ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയെന്നാണ് ഐഡിഎഫ് വ്യക്തമാക്കിയത്.
ഞായറാഴ്ച രാത്രി സെന്‍ട്രല്‍ ബിന്യാമിന്‍ മേഖലയിലെ സൈനിക താവളത്തിന്റെ ഡൈനിംഗ് റൂമില്‍ ഡ്രോണ്‍ ഇടിച്ച് നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് യൂണിറ്റ് 127 തകര്‍ക്കുമെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള, വടക്കന്‍ ഇസ്രായേല്‍ കമ്മ്യൂണിറ്റികള്‍ക്ക് നേരെ ദിവസവും റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിക്കാന്‍ തുടങ്ങി. സെപ്തംബര്‍ 29 ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വടക്കന്‍ ഇസ്രായേലിലെ 68,000-ത്തിലധികം നിവാസികള്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്തു. ഇസ്രയേലികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് തടയാന്‍ ആക്രമണം തുടരുമെന്ന് ഹിസ്ബുള്ള നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞു.
ഒപ്പം തന്നെ ഗസയിലും ലെബനനിലും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഗസയിലേക്ക് സഹായം ലഭ്യമാക്കാന്‍ ഇസ്രായേലിന് ഒരു മാസത്തെ സാവകാശമാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇറാനെതിരെ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അടുത്ത മാസം നടക്കുന്ന പ്രതിരോധ പ്രദര്‍ശനത്തില്‍ നിന്ന് ഫ്രാന്‍സ് ഇസ്രയേലിനെ വിലക്കിയിട്ടുണ്ട്.
24 മണിക്കൂറിനിടെ 55 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. കിഴക്കന്‍ ഖാന്‍ യൂനുസിലെ ബനീ സുഹൈലയില്‍ ഒരു കുടുംബത്തിലെ 10 പേരെയും മറ്റൊരു കുടുംബത്തിലെ ആറുപേരെയും ബോംബിട്ട് കൊലപ്പെടുത്തി. ആഴ്ചകളായി ഇസ്രയേല്‍ ഉപരോധം തുടരുന്ന വടക്കന്‍ ഗസയില്‍ ജബാലിയ അഭയാര്‍ഥി ക്യാമ്പിന്റെ ഭാഗമായ അല്‍ഫലൂജയില്‍ 17 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ലബനനിലും ഇസ്രയേല്‍ കനത്ത ആക്രമണം തുടരുകയാണ്. കരയുദ്ധം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെ ഇസ്രായേല്‍ വിന്യസിച്ചു.എന്നാല്‍ ശക്തമായ ചെറുത്തുനില്‍പിലൂടെ നിരവധി സൈനിക വാഹനങ്ങള്‍ തകര്‍ത്തതായി ഹിസ്ബുള്ള വ്യക്തമാക്കി. പുതുതായി 20ഓളം മേഖലകളില്‍നിന്ന് ഒഴിഞ്ഞു പോകണം എന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.
അമേരിക്കയുടെ നവീന മിസൈല്‍ പ്രതിരോധ സംവിധാനവും സൈനികരും എത്താനിരിക്കെ, ഇറാനെതിരായ ആക്രമണം ആസന്നമെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ ആക്രമണം നടത്തേണ്ട കേന്ദ്രങ്ങളുടെ പട്ടിക സൈന്യം നെതന്യാഹുവിന് കൈമാറിയെന്നും ഇസ്രയേല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്