ഹിസ്ബുള്ളയുടെ തലപ്പത്ത് പുതിയ നേതാവ് വന്നിരിക്കുകയാണ്.ഷെയ്ഖ് നയീം ഖാസിം ആണ് ഇസ്രയേല്‍ കൊലപ്പെടുത്തിയ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. നസറുള്ള കഴിഞ്ഞാല്‍ ഹിസ്ബുള്ള നേതൃത്വത്തിലെ രണ്ടാമനായിരുന്നു എഴുപത്തിയൊന്നുകാരനായ നയീം ഖാസിം. 1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഖാസിം.
നസറുള്ളയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. ഹിസ്ബുല്ലയുടെ വക്താവ് കൂടിയായ നയിം ഖാസിം, ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ സംഘടനയ്ക്കായി വിദേശ മാധ്യമങ്ങളുമായി സംവദിച്ചിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷന്‍ പരാമര്‍ശങ്ങള്‍ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം.
ഹിസ്ബുള്ളയിലെ തീരുമാനങ്ങള്‍ എടുക്കുന്ന ശൂറാ കൗണ്‍സില്‍ ചേര്‍ന്നാണ് നയീമിനെ നേതാവായി തിരഞ്ഞെടുത്തത്. നസറുള്ളയ്ക്കു പകരക്കാരനായി നയീം ഖാസിമിനു പുറമെ ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവന്‍ ഹാഷിം സഫീദ്ദീന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.
ഹിസ്ബുള്ള നേതൃസ്ഥാനത്ത് വലിയ ശൂന്യതയാണു നസറുള്ളയുടെ കൊലപാതകം സൃഷ്ടിച്ചത്. മാസങ്ങളായി തുടരുന്ന ഇസ്രയേല്‍ അതിക്രമങ്ങളില്‍ ഹിസ്ബുള്ള നേതൃനിരയുടെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ട സാഹചര്യത്തിലും ഇസ്രയേല്‍ ആക്രമണങ്ങള്‍ വളരെ ശക്തമായി തുടരുന്ന സാഹചര്യത്തിലും ഹിസ്ബുള്ളയെ എത്രത്തോളം മുന്നോട്ടുനയിക്കാന്‍ നയീം ഖാസിമിന് കഴിയുമൊ എന്നതാണ് ഇനി അറിയേണ്ടത്.വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിക്കുന്ന നയീം ഖാസിം നബാത്തി ഗവര്‍ണറേറ്റിലെ ക്ഫാര്‍ കില എന്ന തെക്കന്‍ ലെബനീസ് ഗ്രാമത്തില്‍ നിന്നുള്ള കുടംബത്തിലെ അംഗമാണ്. 1953ല്‍ ബെയ്‌റൂട്ടിലായിരുന്നു ജനനം. ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്‌മെന്റിന്റെ ഭാഗമായാണ് ഖാസിമിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
ഹിസ്ബുള്ളയുടെ അടിസ്ഥാന മതപണ്ഡിതന്മാരില്‍ ഒരാളായ ഖാസിം പ്രമുഖ ലെബനീസ് ഇറാഖി മതനേതാവായിരുന്ന അയത്തുള്ള മുഹമ്മദ് ഹുസൈന്‍ ഫദ്‌ലല്ലയുടെ ശിഷ്യനാണ്. പതിറ്റാണ്ടുകളായി ബെയ്‌റൂട്ടില്‍ മതക്ലാസുകള്‍ നടത്തുന്നുണ്ട്. 2005ല്‍ 'ഹിസ്ബുള്ള, ദി സ്‌റ്റോറി ഫ്രം വിത്ത്' എന്ന പേരില്‍ ഖാസിം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അത് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.സെപ്റ്റംബര്‍ 28ന് ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചത്. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയിലുള്ള ഹിസ്ബുല്ല ആസ്ഥാനത്തിനുനേരെ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്.