ഉന്നത നേതാക്കളെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ വീഡിയോ സന്ദേശവുമായി ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയീം കസം. തങ്ങള്‍ മിനിമം കാര്യം മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും യുദ്ധം ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നാണെന്ന കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ വധിച്ചതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്ത നയീം കസം നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
ലെബനനില്‍ ഇസ്രയേല്‍ അധിനിവേശത്തിന് ശ്രമിച്ചാല്‍ അതിനെതിരേ പോരാടാന്‍ ഏത് സാധ്യതയും തേടും. ഏത് രീതിയിലും നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ ഹിസ്ബുള്ള ആശ്രയിക്കുന്നത് പുതിയ കമാന്‍ഡോയെയാണ്. ഏതെങ്കിലും ഒരു കമാന്‍ഡര്‍ക്ക് പരിക്കേറ്റാല്‍ അവര്‍ക്ക് പകരക്കാരുണ്ട്. ഡെപ്യൂട്ടി കമാന്‍ഡര്‍മാരുണ്ട്. ഞങ്ങളുടെ സൈനിക ശേഷിയെ ബാധിക്കുന്നതരത്തില്‍ ഒന്നും ചെയ്യാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല, നയീം കസം പറഞ്ഞു.
മിനിമം കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത്. യുദ്ധം ദീര്‍ഘമായ ഒന്നാണെന്ന് ഞങ്ങള്‍ക്കറിയാം. 2006ല്‍ ഇസ്രയേല്‍ ശത്രുക്കളോട് ജയിച്ചതു പോലെ ഇത്തവണ ഞങ്ങള്‍ ജയിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിസ്ബുള്ള ഇസ്രയേല്‍ പ്രദേശങ്ങളിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ചയോടെ ഹിസ്ബുള്ള മിസൈല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നൂറുക്കണക്കിന് മിസൈലുകളാണ് ദിനംപ്രതി തൊടുത്തുവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇന്റര്‍സെപ്റ്ററില്‍ തട്ടി പലതും വിജന പ്രദേശങ്ങളില്‍ പതിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും മരണം അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. സെപ്റ്റംബര്‍ 19ന് നടന്ന മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ മരിച്ചത് മാത്രമാണ് നിലവില്‍ ലഭിക്കുന്ന വിവരം.
കഴിഞ്ഞ 10 ദിവസത്തിനിടെ ഹസന്‍ നസ്രള്ളയടക്കം ആറോളം ഉന്നത നേതാക്കളെയാണ് ഇസ്രയേല്‍ വധിച്ചത്. ലെബനനിലെ ആയിരത്തോളം പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.