ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവിവിലേക്ക് ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം തുടരുന്നു. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഹിസ്ബുള്ള-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് വീണ്ടും ടെല്‍ അവിവില്‍ ഹിസ്ബുള്ള ആക്രമണം നടത്തിയിരിക്കുന്നത്.നിരവധി റോക്കറ്റുകള്‍ ടെല്‍ അവിവിന്റെ ആകാശത്തിലൂടെ പറന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈലിന്റെ ചീളുകള്‍ ടെല്‍ അവിവിലെ ഒരു കെട്ടിടത്തില്‍ പതിച്ച് തീപിടിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിസൈലിന്റെ ചീളുകള്‍ പതിച്ചാണ് അഞ്ചു പേര്‍ക്ക് പരിക്കേറ്റത്.
ടെല്‍ അവിവില്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ടെല്‍ അവിവിന് മുകളിലൂടെ റോക്കറ്റ് പറക്കുന്നതും തുടര്‍ന്ന് സ്‌ഫോടനം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം. മിസൈല്‍ ചീളുകള്‍ പതിച്ച് ഒരു ഷോപ്പിംഗ് സെന്ററിനാണ് തീപിടിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കെട്ടിടത്തിനു സമീപം ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഹിസ്ബുള്ള എത്തി. ടെല്‍ അവിവിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചതായി ഹിസ്ബുള്ള പറഞ്ഞു. ടെല്‍ അവിവിലെ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി ലബനന്‍ സായുധ സേന അവകാശപ്പെട്ടു.കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടിരുന്നു. മധ്യ ബെയ്റൂത്തില്‍ നടന്ന ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്.
ബെയ്റൂത്തിലെ റാസ് അല്‍ നബ്ബയിലെ ജനവാസമേഖലയിലാണ് ആക്രമണമുണ്ടായത്.ഹിസ്ബുല്ലയുടെ മീഡിയ റിലേഷന്‍സ് ഓഫീസര്‍ ആയിരുന്നു അഫീഫ്.കുറച്ചുകാലം അല്‍ മനാല്‍ ടിവി സ്റ്റേഷന്റെ പ്രവര്‍ത്തന ചുമതലയും ഉണ്ടായിരുന്നു. ലെബനനില്‍ ഇസ്രായേല്‍ വധിക്കുന്ന ഏറ്റവും ഒടുവിലത്തെ ഹിസ്ബുല്ല നേതാവാണ് മുഹമ്മദ് അഫീഫ്.മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേലിനെതിരെ തുടര്‍ച്ചയായി ഹിസ്ബുള്ള ആക്രമണം നടത്തുകയാണ്.അതിനിടെ,ഗസയിലും ലബനാനിലും ആക്രമണം തുടരുകയാണ് ഇസ്രയേല്‍. വടക്കന്‍ ഗസയിലെ ബൈത് ലാഹിയയിലെ ജനവാസ മേഖലയില്‍ നടന്ന ആക്രമണത്തില്‍ മാത്രം 72 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതല്‍.
അഞ്ചു നില കെട്ടിടം തകര്‍ന്നാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഗസയില്‍ ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഒരു മേജര്‍ ഉള്‍പ്പെടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.അമേരിക്കയുടെ നിര്‍ദേശ പ്രകാരം ലബനാനില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുന്നതായി ലബനാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ ഹിസ്ബുല്ലയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.ഇസ്രായേല്‍ നഗരമായ സിസേറിയയില്‍ നെതന്യാഹുവിന്റെ വസതിക്കു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.നെതന്യാഹുവിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബോംബെറിഞ്ഞതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.