ബെയ്റൂട്ട്: സിറിയയിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം.ഇദ്ദേഹത്തിൻ്റെ പേര് ഇസ്രയേൽ പുറത്തുവിട്ടില്ല. ഹിസ്ബുല്ലയുടെ യൂണിറ്റ് 4400 എന്ന വിഭാഗത്തിൻ്റെ കമ്മാൻഡറായിരുന്നു കൊല്ലപ്പെട്ടയാളെന്നും ഇയാൾക്കായിരുന്നു ഹിസ്ബുല്ലയുടെ ധനകാര്യ വിഭാഗത്തിൻ്റെ ചുമതലയെന്നും ഇസ്രയേൽ സൈന്യം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഷെയ്ഖ് സലാഹ് എന്ന് വിളിക്കപ്പെട്ടിരുന്ന മൊഹമ്മദ് ജാഫർ കസിറാണ് നേരത്തെ ഈ യൂണിറ്റിനെ നയിച്ചിരുന്നത്. ഏറെ കാലം ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ ഫണ്ട് ഇദ്ദേഹവും സംഘവുമാണ് കൈകാര്യം ചെയ്തത്. ഒക്ടോബർ ആദ്യവാരം ബെയ്റൂത്തിൽ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തെ ഇസ്രയേൽ വധിച്ചത്. തുടർന്നാണ് പുതിയ കമ്മാൻഡർ ചുമതലയേറ്റത്.
ഇന്നലെ ദമാസ്കസിൽ കാറിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി സിറിയ വ്യക്തമാക്കിയിരുന്നു. ഹമാസ് നേതാവായിരുന്ന യഹ്യ സിൻവറിൻ്റെ മരണത്തിൽ അനുശോചിക്കാൻ ചേർന്ന ഒരു യോഗത്തിനിടയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനിൽ നിന്ന് സിറിയയിലേക്ക് ഇന്ധനം എത്തിച്ച് ലെബനന് വിൽക്കുന്ന ചുമതലയാണ് യൂണിറ്റ് 4400 ൻ്റേത്.