തെൽ അവീവ്: ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേര ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുല്ല. ഇസ്രായേലിലെ രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം. സിവിലിയൻ ഉൾപ്പടെ ആറ് പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.
ആക്രമണം നടന്ന വിവരം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകളാണ് ലെബനാനിൽ നിന്നും അസ്രയേലിലേക്ക് എത്തിയത്. ഇതിൽ ഒന്നിനെ തകർത്തുവെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. തെക്കൻ തീരദേശ നഗരമായ നഹറിയയിലാണ് ഡ്രോൺ പതിച്ചതെന്നാണ് ഇസ്രായേൽ പറയുന്നത്. ബസ് സ്റ്റോപ്പുകളിലൊന്നിലാണ് ഡ്രോൺ പതിച്ചതെന്നും ഇസ്രായേൽ വ്യക്തമാക്കി.
ആക്രമണം നടത്തിയ വിവരം ഹിസ്ബുല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഗോലാനി ബ്രിഗേഡിന് നേരെയാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല അറിയിച്ചു.
കഴിഞ്ഞ ദിവസവും വടക്കൻ ഇസ്രായേലിലെ ബൈത്ത് ഹിലെൽ മേഖലയിൽ ഇസ്രായേൽ ഡ്രോണാക്രമണം നടത്തിയിരുന്നു. ലെബനാനിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല അറിയിച്ചു.