ബയ്റുത്ത്: ചൊവ്വാഴ്ചത്തെ പേജര്‍ സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ഇസ്രയേലിനെതിരേ രൂക്ഷപ്രതികരണവുമായി ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല. തങ്ങള്‍ വലിയ തിരിച്ചടി നേരിട്ടുവെന്നും പേജര്‍ ആക്രമണത്തോടെ ഇസ്രയേല്‍ അവരുടെ സകലസീമകളും ലംഘിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ നടപടി യുദ്ധപ്രഖ്യാപനമാണെന്നും നസ്റല്ല കൂട്ടിച്ചേര്‍ത്തു.
'ലെബനന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. വളരെ അപൂര്‍വമായേ ഈ രീതിയില്‍ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ലോകത്ത് അരങ്ങേറാറുള്ളൂ. ഇസ്രയേല്‍ സകലസീമകളും ലംഘിച്ചിരിക്കുന്നു. എല്ലാ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും അപ്പുറത്തേക്ക് ശത്രു കടന്നിരിക്കുന്നു', ഹസന്‍ നസ്റല്ല പറഞ്ഞു.
ലെബനനിലും സിറിയയിലും ചൊവ്വാഴ്ച മൂവായിരത്തിലേറെ പേജറുകള്‍ ഒരേസമയം, പൊട്ടിത്തെറിച്ച് രണ്ടുകുട്ടികളടക്കം 12 പേര്‍ മരിച്ചിരുന്നു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനപരമ്പരയ്ക്കു പിന്നില്‍ ഇസ്രയേലാണെന്നും പേജറുകളുടെ നിര്‍മാണഘട്ടത്തില്‍ അവര്‍ ബാറ്ററിക്കുസമീപം അതിസൂക്ഷ്മസ്‌ഫോടകവസ്തുക്കള്‍ തിരുകിക്കയറ്റിയെന്നുമാണ് ആരോപണം.
ആക്രമണത്തിന് പിന്നാലെ, ബുധനാഴ്ചയും സ്‌ഫോടനമുണ്ടായി. കിഴക്കന്‍ ലെബനനില്‍ സൊഹ്‌മോര്‍ പട്ടണത്തിലെ വിവിധ ഇടങ്ങളില്‍ ബുധനാഴ്ച വാക്കിടോക്കി പൊട്ടിത്തെറിച്ച് ഒന്‍പതുപേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയിലെ അംഗങ്ങളാണ് പരിക്കേറ്റവരില്‍ കൂടുതലും.