ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം;ആളപായമില്ല

ലെബനനിൽനിന്നുള്ള ഡ്രോൺ രാജ്യത്തേക്ക് കടന്നതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു.

author-image
Vishnupriya
New Update
nethanyahu

ടെൽ അവീവ്: സീസേറിയയിലെ നെതന്യാഹുവിന്റെ വസതി ലക്ഷ്യംവെച്ച് ഡ്രോൺ ആക്രമണം.  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനനിൽനിന്നു ഡ്രോൺ ആക്രമണം. ലെബനനിൽനിന്നുള്ള ഡ്രോൺ രാജ്യത്തേക്ക് കടന്നതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. ആക്രമണത്തിൽ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. 

ആക്രമണം നടന്ന സമയം നെതന്യാഹു സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായമൊന്നുമില്ലെന്നും  റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സീസേറിയ പട്ടണത്തിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സൈന്യവും സ്ഥിരീകരിച്ചു. അക്രമത്തിൽ ആർക്കും പരിക്കുകളില്ല. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു.

ശനിയാഴ്ച രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം. ലെബനനിൽനിന്ന് മൂന്ന് മിസൈലുകൾ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോർട്ട്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ടെൽ അവീവിലും ​ഗ്ലിലോട്ടിലേയും വിവിധ ഭാ​ഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി.

ഹമാസിന്റെ തലവൻ യഹിയ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണമുണ്ടായിരിക്കുന്നത്. ഗാസയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന സൈനികനടപടിക്കിടെയാണ് സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകനായിരുന്നു സിൻവാർ.

ബയ്റുത്തിന്റെ തെക്കുഭാഗത്ത് ഹിസ്ബുള്ള കേന്ദ്രത്തിലും തെക്കൻ ലെബനനിലെ നബതിയേഹിലുമാണ് ഇസ്രയേൽ കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് നബതിയേഹിൽ മേയറുൾപ്പെടെ ആറുപേർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടലിൽ 1356 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

israel Drone attack benjamin nethanyahu hezbollah