ഇറാനിലെ ഗോലെസ്താന്‍ പ്രവിശ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നെയ്‌നാവ് ബ്രിഗേഡ് കമാന്‍ഡര്‍ ജനറല്‍ ഹമീദ് മസന്ദറാനിയും പൈലറ്റ് ഹമദ് ജന്ദഗിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. സിസ്താന്‍, ബലൂചിസ്താന്‍ പ്രവിശ്യയിലെ സിര്‍കന്ദ് മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു.
അപകടത്തിനു കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ സുരക്ഷാ സേനയും സുന്നി ഗ്രൂപ്പുകളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായ മേഖലയാണിത്.
കഴിഞ്ഞ ഒക്ടോബര്‍ 26ന് ഉണ്ടായ ആക്രമണത്തില്‍ 10 പൊലീസുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഈ മേഖലയില്‍ സൈനിക നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.