ന്യൂയോർക്ക്: ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡോൺ’ വിക്ഷേപണം മാറ്റിവച്ചു. സ്പേസ് എക്സ്, എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . ദൗത്യം ബുധനാഴ്ച നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രാദേശിക സമയം ചൊവാഴ്ച പുലർച്ചെയോടെയായിരുന്നു ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപണം നടത്താൻ സ്പേസ് എക്സ് തീരുമാനിച്ചിരുന്നത്. സാങ്കേതിക വിദഗ്ധർ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്പേസ് എക്സ് അധികൃതർ വ്യക്തമാക്കി.
അഞ്ച് ദിന ദൗത്യത്തിനായി മലയാളിയും സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനുമായ ഡോ.അനിൽ മേനോന്റെ ഭാര്യ അന്ന മേനോൻ അടക്കം 4 പേരെയാണ് നിശ്ചയിരുന്നത്. സ്പേസ് എക്സിലെ എഞ്ചിനീയറായ അന്നയ്ക്ക് പുറമെ ശതകോടീശ്വരൻ ജാറഡ് ഐസക്മാൻ, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ സ്കോട്ട് പൊറ്റീറ്റ്, എഞ്ചിനീയർ സാറാ ഗില്ലിസ് എന്നിവരെയാണ് ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിനായി തിരഞ്ഞെടുത്തിരുന്നത്.