സൗദിയില്‍ പത്ത് മണിക്കൂർ തോരാമഴ ; പ്രളയം, വ്യാപക നാശനഷ്ടം

ചില പ്രദേശങ്ങളിൽ വാഹനങ്ങൾ കുടുങ്ങി. അബൂ അരീഷ്, സ്വബ്യ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് എന്ന പാലം മഴവെള്ളപ്പാച്ചിലിൽ തകർന്നു.  തകർന്ന പാലത്തിെൻറ സ്ലാബ് കാറിന് മുകളിൽ പതിച്ച് യുവതി മരിച്ചു.

author-image
Vishnupriya
New Update
saud
Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ജിസാനിൽ 10 മണിക്കൂർ പെയ്ത ശക്തമായ മഴയിൽ വ്യാപകനാശനഷ്ടം. മേഖലയാകെ വെള്ളം പൊങ്ങി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. താഴ്‌വരകളിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. ചില പ്രദേശങ്ങളിൽ വാഹനങ്ങൾ കുടുങ്ങി. അബൂ അരീഷ്, സ്വബ്യ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് എന്ന പാലം മഴവെള്ളപ്പാച്ചിലിൽ തകർന്നു.  തകർന്ന പാലത്തിെൻറ സ്ലാബ് കാറിന് മുകളിൽ പതിച്ച് യുവതി മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് മേഖലയിൽ കനത്ത മഴയുണ്ടായത്. ശനിയാഴ്ച പുലർച്ച വരെ തുടർന്നു. അൽ തവാൽ, സ്വബ്യ, സാംത, അബു അരീഷ് ഗവർണറേറ്റുകളിലെയും വാദി ജിസാനിലെ ചില ഗ്രാമങ്ങളിലെയും ജിസാൻ നഗരത്തിലെയും തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി. 

കനത്ത മഴയിൽ വാണിജ്യ കേന്ദ്രത്തിെൻറ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. ആ സമയം പാലത്തിലുണ്ടായിരുന്ന ചില വാഹനങ്ങൾ അപകടത്തിൽ പെട്ടു.  ഈ പ്രദേശമാകെ വെള്ളത്തിനടിയിലാണ്. വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയി.

മേഖലയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ സിവിൽ ഡിഫൻസ് ഉപകരണങ്ങളും യന്ത്രങ്ങളും ബോട്ടുകളും വിന്യസിച്ചു. സൗദി അറേബ്യയും യമനും അതിര്‍ത്തി പങ്കിടുന്ന അൽ തവാല്‍ പട്ടണത്തിലെ റോഡുകള്‍ പുഴകളായി മാറി. ശക്തമായ മഴക്കിടെ കഴുത്തോളം വെള്ളമുയര്‍ന്ന റോഡുകളിലൂടെ ആളുകള്‍ നടക്കുന്നതിെൻറ വീഡിയോ കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി ‘എക്സി’ൽ പങ്കുവെച്ചു. അഹദ് അല്‍മസാരിഹ, ദമദ്, അൽ ഹരത്, അൽ ദായിര്‍, അൽ റൈദ്, അൽ അർദ, അൽ ഈദാബി, ഫൈഫ, ഹുറൂബ്, അൽ ദര്‍ബ്, ബേഷ്, ഫര്‍സാന്‍ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു.

ജിസാന്‍ പ്രവിശ്യയുടെ വടക്കുഭാഗത്തുള്ള അൽ ദര്‍ബിലെ അല്‍ഖരൻ താഴ്വരയിൽ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ സൗദി യുവാവിനെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അൽ ദര്‍ബ്-അൽ ഫതീഹ റോഡിലാണ് സംഭവം.

saudi arebia heavy rainfall