തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം രൂപപ്പെട്ട വാര്‍ത്തയില്‍ ആശങ്കയിലായി ലോകം. വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മരുഭൂമിയിലെ ഈന്തപ്പനകള്‍ക്കും മണല്‍ക്കാടുകള്‍ക്കുമിടയില്‍ മഴവെള്ളം തടാകങ്ങള്‍ പോലെ രൂപപ്പെട്ടുകിടക്കുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന 'ഇറിക്വി' എന്ന തടാകത്തില്‍ മഴയില്‍ വെള്ളം നിറഞ്ഞതായി നാസ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഈ പ്രദേശങ്ങളില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വലിയ അളവില്‍ മഴ ലഭിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിവര്‍ഷ ശരാശരിയെക്കാള്‍ ഉയര്‍ന്ന മഴയാണ് ഈ മേഖലയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൊറോക്കോയുടെ തലസ്ഥാനമായ റബാറ്റില്‍ നിന്ന് 450 കിലോമീറ്റര്‍ മാറിയുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിനുള്ളില്‍ 100 മില്ലി മീറ്ററിലധികം മഴയാണ് സെപ്റ്റംബറിലുണ്ടായതെന്നാണ് കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നത്.
വെള്ളപ്പൊക്കത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തില്‍നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടുമൊരു പ്രകൃതിദുരന്തം ഈ മേഖലയില്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മാസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തെക്കുകിഴക്കന്‍ മേഖലയിലെ അണക്കെട്ടുകളും മറ്റ് സംഭരണികളും ക്രമാതീതമായി നിറഞ്ഞിട്ടുണ്ടെന്നുമാണ് സൂചനകള്‍.
വടക്കന്‍മധ്യപടിഞ്ഞാറന്‍ ആഫ്രിക്കയിലായി ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് സഹാറ മരുഭൂമി. ആഗോളതാപനത്തിന്റെ പരിണിതഫലമായ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല.