ഇസ്രയേലില്‍ കനത്ത ആക്രമണം; ടെല്‍ അവിവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിനു നേരെയാണ് ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയത്.

യുഎസ് ഇലക്ഷനില്‍ ട്രംപിന്റെ വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണം നടത്തി ഹിസ്ബുള്ള.മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.ടെല്‍ അവിവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിനു നേരെയാണ് ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയത്.

author-image
Rajesh T L
New Update
hizbulla

യുഎസ് ഇലക്ഷനില്‍ ട്രംപിന്റെ വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണം നടത്തി ഹിസ്ബുള്ള. മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ടെല്‍ അവിവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിനു നേരെയാണ് ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, വിമാന സര്‍വീസുകളെ ആക്രമണം ബാധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവിവ് ഉള്‍പ്പെടെയുള്ള മധ്യ ഇസ്രയേലില്‍, ആക്രമണം മുന്നറിയിപ്പ് മുഴങ്ങിയതായും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ടെല്‍ അവിവും മധ്യ ഇസ്രയേലും ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയത് വന്‍ ആക്രമണമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍  വ്യക്തമാക്കുന്നത്. നിരവധി റോക്കറ്റുകള്‍ ഈ മേഖലങ്ങളിലേക്ക് ഹിസ്ബുള്ള തൊടുത്തുവിട്ടു. പത്തോളം റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് എത്തിയതെന്നും അവയില്‍ ഭൂരിഭാഗം റോക്കറ്റുകളെയും പ്രതിരോധിച്ചെന്നും ഐഡിഎഫ് അവകാശപ്പെട്ടു. 

പത്ത് റോക്കറ്റുകളിലൊന്ന് ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിലും പതിച്ചതായാണ് ടൈംസ് ഒഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് വിമാന  സര്‍വീസുകള്‍ക്ക് താമസം നേരിട്ടതായും ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതിരോധിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ പതിച്ചതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതിനിടെ, തെക്കന്‍ ഇസ്രയേലിലേക്കും ഹിസ്ബുള്ള ആക്രമണം വ്യാപിപ്പിച്ചു.ടെല്‍ അവിവിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന ഇസ്രയേലിന്റെ സൈനിക കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിന്റെ പുതിയ മേഖലകളിലേക്ക് ഹിസ്ബുള്ള ആക്രമണം വ്യാപിപ്പിച്ചത്. 

ടെല്‍ അവിവിന്റെ തെക്കുള്ള ബിലു ബേസില്‍ വ്യാഴാഴ്ച ആക്രമണം നടത്തിയതായി ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു. ഈ മേഖലകളില്‍ ആദ്യമായാണ് ആക്രമണം നടത്തുന്നതെന്നും ഹിസ്ബുള്ളയുടെ പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. 
 
നേരത്തെ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയ്ക്ക് സമീപമുള്ള നേവല്‍ ബേസിലും ടെല്‍ അവിവിനും സമീപമുള്ള ഇസ്രയേലിന്റെ പ്രധാന അന്തര്‍ദേശീയ വിമാനത്താവളത്തിനു സമീപമുള്ള സൈനിക കേന്ദ്രത്തിനു നേരെയും ആക്രമണം നടത്തിയിരുന്നു. ആക്രമണം എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഇസ്രയേലിന്റെ എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. 

ഹിസ്ബുളള ആക്രമണത്തിന് പിന്നാലെ വ്യാഴാഴ്ച രാവിലെ  ബെയ്‌റൂത്തിന്റെ തെക്കന്‍ മേഖലയില്‍ നിരവധി വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തി. 

ബുധനാഴ്ച, ലെബനനിലെ കിഴക്കന്‍ ബെക്കാ താഴ്വരയിലും ബാല്‍ബെക്ക് നഗരത്തിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 40 പേര്‍ കൊല്ലപ്പെട്ടുവെന്ന് രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ 53 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

രാഷ്ട്രീയ പരിഹാരം ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറല്‍  നയീം ഖാസിം പറഞ്ഞിരുന്നു.തൊട്ടു പിന്നാലെയാണ് ആക്രമണം നടന്നത്.എന്നാല്‍, ലെബനനില്‍ ബോംബാക്രമണം ഇസ്രായേല്‍ നിര്‍ത്തിയാല്‍ പരോക്ഷമായ ചര്‍ച്ചകള്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Attack israel and hamas conflict israel air strike AIRPORT NEWS israel airstrike israelwarnews iran israel war news israel and hezbollah war