ജറുസലേം: ഇസ്രയേലിലെ ടെൽ അവിവിൽ യമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഹൂതി വിമതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീനിനും ലബനനും നൽകുന്ന പിന്തുണയുടെ ഭാഗമായാണ് തങ്ങൾ ടെൽ അവിവിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി വിമതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഡ്രോണുകൾ ഉപയോഗിച്ച് 'ടെൽ അവീവ്' ലെ സുപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ഒരു സൈനിക ഓപ്പറേഷൻ നടത്തിയിട്ടുണ്ട്. യാഫ ഡ്രോണുകൾ ഉപയോഗിച്ചാണ് ഞങ്ങൾ ആക്രമണം നടത്തിയത്. ഈ ഡ്രോണുകളെ തകർക്കാൻ ശത്രുക്കൾക്കായില്ല. ഞങ്ങൾ തൊടുത്ത എല്ലാ ഡ്രോണുകൾക്കും ശത്രുക്കളെയെല്ലാം മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താനായി, എന്ന് ഹൂതി വിമതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
യമന്റെ ഭൂരിഭാഗവും ഹൂതി വിമതരുടെ കൈകളിലാണ്. ഇസ്രയേലിനെ ഇവർ ശത്രുക്കളായാണ് കണക്കാക്കുന്നത്. ഹമാസിനെ പിന്തുണച്ചുകൊണ്ടാണ് ഹൂതി വിമതർ യുദ്ധരംഗത്തേക്ക് കടന്നത്.