ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കെ ആണവായുധ നിര്‍മാണത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇറാന്‍. നേരത്തെയും ഇറാന്‍ സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ റഷ്യയുമായി അടുത്തതോടെ ഇറാന്റെ കൈവശം ആണവായുധങ്ങള്‍ ഉണ്ടോ എന്ന സംശയം ഇപ്പോള്‍ ശക്തമാണ്. ഇതിന് പിന്നാലെയാണ് ആണവായുധ നിര്‍മാണത്തിലേക്ക് കടക്കുമെന്ന കാര്യം ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രായേലില്‍ നിന്ന് ഉയരുന്ന ഭീഷണി അതിരു കടക്കുകയാണെങ്കില്‍ ആണവ നയം പുനഃപരിശോധിച്ചേക്കാമെന്ന് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനിയുടെ ഉപദേഷ്ടാവ് കമാല്‍ ഖരാസിയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
സമാധാനപരമായ ആണവ പദ്ധതിക്ക് പ്രതിജ്ഞാബദ്ധമായ രാജ്യമാണ് ഇറാന്‍. എന്നാല്‍ സ്വയം പ്രതിരോധത്തിന് ഇസ്രായേലിനെതിരെ ആണവായുധം ഉപയോഗിക്കാനും നിര്‍മിക്കാനും ഞങ്ങള്‍ തയ്യാറാവുമെന്നാണ് ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായിയും ആവര്‍ത്തിച്ചത്. ഇറാന്റെ പ്രതിരോധത്തിന് പരിധികളുണ്ട്. ആ ക്ഷമയ്ക്ക് അപ്പുറത്തേക്ക് ഇസ്രയേല്‍ കടന്നാല്‍ മറ്റൊന്നും നോക്കാനില്ല. ആഴ്ചകളായി ആണവായുധ നിര്‍മാണ ഘട്ടത്തിന് തങ്ങള്‍ സജ്ജമായിട്ട്. പരമോന്നത നേതാവിന്റെ ഫ്ത്വയാണ് ഈ ഘട്ടത്തില്‍ അതില്‍ നിന്ന് തടഞ്ഞിരിക്കുന്നത്. അത് എപ്പോള്‍ മാറ്റുന്നവോ ആ നിമിഷം തങ്ങള്‍ ആണവ ശേഷി ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ അണുബോംബ് നിര്‍മ്മിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ഇറാന്റെ അത്യധികം സമ്പുഷ്ടമായ യുറേനിയം ശേഖരത്തെക്കുറിച്ച് നേരത്തെ തന്നെ ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. യുറേനിയം ശേഖരം ഗണ്യമായി വളര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നും നാല് ന്യൂക്ലിയര്‍ ബോംബുകള്‍ ഉണ്ടാക്കാന്‍ പാകത്തിന് അവ വളര്‍ന്നിരിക്കുന്നുവെന്നും ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ ആണവായുധം നിര്‍മിക്കാന്‍ ഇറാന് എത്രത്തോളം സാങ്കേതിക പരിജ്ഞാനം ഉണ്ടെന്നോ എത്ര വേഗത്തില്‍ അത് ചെയ്യാന്‍ കഴിയുമെന്നോ വ്യക്തമല്ല. പക്ഷെ, റഷ്യന്‍ സഹായമുണ്ടായാല്‍ നിര്‍മ്മാണ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും.
അതേസമയം, ഇറാന്റെ ആണവ ശേഖര ശേഷി സംബന്ധിച്ച് ലോകത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. ആണവായുധങ്ങളുടെ കാര്യം ഇറാന്‍ മറച്ചുവെയ്ക്കുകയാണ്. നേരത്തെ ഇറാന്റെ ആണവ പദ്ധതി ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് തകര്‍ത്തതാണ് ഇതിന് കാരണം. സ്ട്രക്‌സ്‌നെറ്റ് എന്ന വൈറസ് ഉപയോഗിച്ചായിരുന്നു ഇത്. ഈ വൈറസിനെ 2010ല്‍ ആണ് ഇസ്രയേല്‍ വികസിപ്പിച്ചെടുത്തത്. ഇതിന് പിന്നില്‍ അമേരിക്കയുടെ സഹായമുണ്ട്. ഇറാന്റെ ആണവപരീക്ഷണകേന്ദ്രമായ നടാന്‍സ് ആണവകേന്ദ്രത്തിലെ കംപ്യൂട്ടര്‍ ശൃംഖലകളിലാണ് ഈ വൈറസ് അതിക്രമിച്ച് കയറിയത്. ഒട്ടേറെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയും നശിപ്പിക്കുകയും ചെയ്തു. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരത്തോളം യൂണിറ്റുകളാണ് ഈ വൈറസ് നശിപ്പിച്ചത്. ആണവായുധം വികസിപ്പിക്കുന്നതില്‍ സുപ്രധാന ഇനമായ യുറേനിയത്തിന്റെ സമ്പൂഷ്ടീകരിണത്തെ നശിപ്പിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്.
ഇതുപോലെ എത്രയോ തവണ ഇറാന്റെ ആണവായുധം വികസിപ്പിക്കാനുള്ള പദ്ധതികളെ ഇസ്രയേല്‍ നശിപ്പിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ബുഷിന്റെ കാലത്ത് ആരംഭിക്കുകയും പിന്നീട് ഒബാമ ഭരണകാലത്ത് തുടരുകയും ചെയ്ത ഒളിമ്പിക് ഗെയിംസ് എന്ന പേരിലുള്ള സൈബര്‍ ആക്രമണവും ആണവശേഷി കൈവരിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ വല്ലാതെ പിറകോട്ടടിപ്പിച്ചിരുന്നു.2020ല്‍ മൊഹസെന്‍ ഫക്രിസാദെ എന്ന ഇറാന്റെ പ്രമുഖ ആണവശാസ്ത്രജ്ഞന്‍ വധിക്കപ്പെട്ടിരുന്നു. ഇറാന്റെ ആണവായുധം വികസിപ്പിക്കാനുള്ള പദ്ധതിയുടെ ശില്‍പിയായി അറിയപ്പെടുന്ന വ്യക്തിയാണ് മൊഹ്‌സെന്‍ ഫക്രിസാദെ. ഇയാളുടെ മരണത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദിന്റെ കൈകളുണ്ടെന്ന് പറയപ്പെടുന്നു.