തലയറുത്തിട്ടും ശൗര്യത്തോടെ ഹമാസ്; പകരക്കാരുടെ ലിസ്റ്റ് പുറത്ത്

ഒരു സിന്‍വാര്‍ പോയാല്‍ നൂറുപേര്‍ പിന്നാലെ വരും.... ഹമാസ് തലവന്മാര്‍ ഓരോരുത്തരായി മരിച്ചുവീഴുമ്പോഴും ഹമാസ് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. ഇക്കുറി പക്ഷെ അങ്ങനെയല്ല.

author-image
Rajesh T L
New Update
ss

ഒരു സിന്‍വാര്‍ പോയാല്‍ നൂറുപേര്‍ പിന്നാലെ വരും.... ഹമാസ് തലവന്മാര്‍ ഓരോരുത്തരായി മരിച്ചുവീഴുമ്പോഴും ഹമാസ് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. ഇക്കുറി പക്ഷെ അങ്ങനെയല്ല. തങ്ങളുടെ ബുദ്ധികേന്ദ്രം തന്നെയാണ് ഇല്ലാതായിരിക്കുന്നത്. എങ്കിലും വിട്ടുകൊടുക്കാന്‍ ഹമാസ് തയാറായിട്ടില്ല യഹ്യ സിന്‍വാറിന്റെ പകരക്കാരായി എത്തുന്നവരുടെ പട്ടിക തന്നെ ഹമാസ് പുറത്തുവിട്ടിരിക്കുകയാണ്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹ്യ സിന്‍വാര്‍ ആയിരുന്നു. യഹ്യ സിന്‍വാറിനെ ലക്ഷ്യമിട്ട് ഒരു വര്‍ഷത്തിലേറെയാണ് ഇസ്രയേല്‍ സൈന്യവും, രഹസ്യാന്വേഷണ ഏജന്‍സികളും തിരച്ചില്‍ നടത്തിയത്. ഒടുവില്‍ ഹമാസ് മേധാവി യഹ്യ സിന്‍വാര്‍ തെക്കന്‍ ഗാസയിലെ താല്‍ അല്‍ സുല്‍ത്താനിലെ കെട്ടിടത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇസ്രയേല്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, 61 കാരനായ യഹ്യ സിന്‍വാര്‍ ഇസ്രയേലില്‍ നിന്ന് പിടികൂടിയ ബന്ദികളെ മനുഷ്യകവചമാക്കി ഗാസയിലെ ഭൂഗര്‍ഭ താവളങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ യുദ്ധമുഖത്ത് നില്‍ക്കുമ്പോഴാണ് സിന്‍വാര്‍ രക്തസാക്ഷിയാതെന്നും, സിന്‍വാറിനെ ഇസ്രയേല്‍ കൊലപ്പെടുത്തുമ്പോള്‍ അദ്ദേഹം ഒളിയിടത്തിലായിരുന്നില്ല എന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്. സിന്‍വാറിനെ മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് പറയുന്ന സംഭവസ്ഥലത്ത് ബന്ദികളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം.

ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് റിപ്പോര്‍ട്ട് പ്രകാരം, തെക്കന്‍ ഗാസയിലെ സതേണ്‍ കമാന്‍ഡ് 828-ാമത് ബിസ്ലാമാച്ച് ബ്രിഗേഡില്‍ നിന്നുള്ള സൈനികരാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രി റഫയിലെ താല്‍ അല്‍-സുല്‍ത്താനില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം തിരിച്ചറിയുകയും, ആക്രമണം നടത്തുകയുമായിരുന്നു. പിന്നീട് കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് മരിച്ചവരിലൊരാള്‍ക്ക് സിന്‍വാറിന്റെ മുഖച്ഛായ ഉണ്ടെന്നു കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.

തകര്‍ത്ത കെട്ടിടത്തിന് സമീപം ഐഡിഎഫ്, ഷിന്‍ ബെത്ത് സേനകള്‍ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, സിന്‍വാര്‍ ഉണ്ടെന്ന് മനസ്സിലാക്കിയല്ല കെട്ടിടം ആക്രമിച്ചതെന്നും, നിരവധി പോരാളികളെ ഒരു കെട്ടിടത്തില്‍ കണ്ടപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിന്‍വാര്‍ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്ന ബന്ദികളാരും തന്നെ അവിടെ ഉണ്ടായിരുന്നുമില്ല താനും.

സിന്‍വാറിന്റെ ഒപ്പം രണ്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്, ഇത് ഒരു പക്ഷെ മറ്റു കൂട്ടാളികള്‍ കൊല്ലപ്പെട്ടിരിക്കാനോ, അല്ലെങ്കില്‍ രഹസ്യമായി മറ്റെവിടേക്കെങ്കിലും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലായിരിക്കാം അക്രമണമുണ്ടായതെന്നുമുള്ള സൂചനയാണ് നല്‍കുന്നത്. പിന്നാലെ ഹമാസ് തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യം ഉയരുന്നതിനിടെയാണ് പുതിയലിസ്റ്റ് വന്നിരിക്കുന്നത്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് മഹമ്മൂദ് അല്‍ സഹര്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികളില്‍ ഏറ്റവും ഡെയ്ഞ്ചറസായാണ് ഇയാളെ വിലയിരുത്തുന്നത്.

mahmood

ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് മഹ്മൂദ് അല്‍ സഹര്‍. കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ പേരുകേട്ട ഇദ്ദേഹം ഇസ്രയേലിനെതിരെ സൈനിക നടപടിക്കും ഗാസയിലെ ഭരണത്തിനും നേതൃനിരയില്‍ നില്‍ക്കുന്നുണ്ട്. 1992ലും 2003ലും അല്‍ സഹറിനെ വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. 2006ലെ പാലസ്തീനിലെ തിരഞ്ഞെടുപ്പിന് പിന്നാലെ ആദ്യ വിദേശകാര്യ മന്ത്രിയായി. ഇദ്ദേഹം ഹമാസ് തലവനാകാന്‍ പ്രഥമ സാദ്ധ്യതയുള്ളയാളാണ്.

മറ്റൊന്ന് മുഹമ്മദ് സിന്‍വാര്‍ ആണ്. യഹ്യാ സിന്‍വാറിന്റെ സ്വന്തം അനുജനായ മുഹമ്മദ് സംഘടനാ തലപ്പത്തെത്തും എന്ന് കരുതുന്നവര്‍ നിരവധിയാണ്. ഹമാസിന്റെ പോരാളികളുടെ നിരയില്‍ ദീര്‍ഘനാളായി അംഗമാണ് 49കാരനായ മുഹമ്മദ്. യഹ്യയുടെ അതേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പിന്‍തുടരുന്ന നേതാവാണ് മുഹമ്മദ്. ഇയാള്‍ തലവനായാല്‍ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകാന്‍ പ്രയാസമാണെന്നാണ് അമേരിക്ക കരുതുന്നത്.

മൂന്നാമന്‍ മൗസ അബു മര്‍സോക് ആണ്. 1980കളില്‍ പാലസ്തീനിയന്‍ മുസ്‌ളീം ബ്രദര്‍ഹുഡില്‍ നിന്നും വിഘടിച്ച് ഹമാസ് രൂപീകരിക്കാന്‍ സഹായിച്ച നേതാക്കളില്‍ ഒരാളാണ് അബു മര്‍സോക്. ഹമാസിന്റെ ഉന്നതാധികാര സമിതിയില്‍ അംഗമാണ്. 90കളില്‍ അമേരിക്ക ഇയാളെ ജയിലില്‍ അടച്ചിരുന്നു. പിന്നീട് നാടുകടത്തി ജോര്‍ദാനിലെത്തി. ഏറെനാളായി വിദേശത്താണെങ്കിലും പ്രത്യയശാസ്ത്രത്തിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇയാളെ ഹമാസ് തലവനാകാന്‍ സഹായിച്ചേക്കും എന്ന് പറയപ്പെടുന്നു.

മുഹമ്മദ് ദെയ്ഫും ഹമാസ് തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഹമാസ് സൈനികവിഭാഗ കമാന്ററായ മുഹമ്മദിന് ഇപ്പോള്‍ ഇസ്രയേലി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരിക്കാനോ ജീവന്‍ നഷ്ടമായിരിക്കാനോ ആണ് സാദ്ധ്യത എന്നാണ് വിവരം. എന്നാല്‍ ഇപ്പോഴും ഇയാള്‍ ജീവനോടെയുണ്ടെന്നാണ് ഓഗസ്റ്റ് മാസത്തില്‍ പുറത്തുവന്ന വാര്‍ത്തകളള്‍. ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തില്‍ ഇയാള്‍ മുന്‍നിരയിലുണ്ടായിരുന്നു.

ഖലീല്‍ അല്‍ ഹയ്യയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട് ഖത്തറില്‍ താമസിക്കുന്ന ഹമാസിന്റെ ഉന്നത നേതാവാണ് ഖലീല്‍. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ അല്‍ ഹയ്യ നേതാവായി വരുമെന്നാണ് സൂചന. 2014ല്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഇടയായത് അല്‍ ഹയ്യയുടെ നയതന്ത്ര ബുദ്ധിയാണെന്നാണ് വിവരം. 2007ല്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കുടുംബാംഗങ്ങളെല്ലാം മരണപ്പെട്ടയാളാണ് ഖലീല്‍.

hamas israel. hamas israel hizbulla conflict yahiya sinwar