ടെഹ്റാൻ: ഹമാസിൻറെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടു.ഇറാൻറെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്‌കിയൻറെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായാണ് വിവരം.
അതെസമയം ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നാണ് ഹമാസിന്റെ ആരോപണം.ചതിനിറഞ്ഞ സയണിസ്റ്റ് ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.