ഇസ്രയേലിന് ഹമാസിന്റെ മുന്നറിയിപ്പ്

റഫയിലെ ഞങ്ങളുടെ മനുഷ്യരെ രക്ഷിക്കാന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ധീരരായ ചെറുത്തുനില്‍പ്പ് പോരാളികള്‍ പൂര്‍ണ്ണമായും സജ്ജരാണെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ നീക്കം ഗസയില്‍ ബന്ദികളായവരുടെ ജീവന്‍ പരിഗണിക്കാതെയാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. റഫയില്‍ കരയാക്രമണം നടത്തുന്നത് ബന്ദിമോചന -വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ അപകടത്തിലാക്കുമെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അല്‍ റാഷിഖും മുന്നറിയിപ്പ് നല്‍കി.

author-image
Rajesh T L
New Update
hamas news

hamas

Listen to this article
0.75x 1x 1.5x
00:00 / 00:00

ജെറുസലേം: ഈജിപ്തിന്റെ നേതൃത്വത്തില്‍ കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നിട്ടും മെരുങ്ങാതിരുന്ന ഇസ്രയേല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വന്‍ ആക്രമണമാണ് റഫയില്‍ നടത്തിയത്. അതിന് കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇപ്പോള്‍ ഹമാസ് രംഗത്തെത്തിയിരിക്കുകയാണ്.

വീടുകള്‍ നഷ്ടപ്പെട്ട 14 ലക്ഷത്തോളം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ കരയാക്രമണം നടത്താനെത്തുന്ന ഇസ്രയേല്‍ സേന കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പലസ്തീന്‍ വിമോചന സംഘടന ഹമാസ്. റഫയിലെ കരയാക്രമണം ഇസ്രായല്‍ സൈനികര്‍ക്ക് ഒരു 'ഉല്ലാസയാത്ര' ആയിരിക്കില്ലെന്നാണ് ഹമാസ് പ്രസ്താവനയില്‍ പറയുന്നത്.

റഫയിലെ ഞങ്ങളുടെ മനുഷ്യരെ രക്ഷിക്കാന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ധീരരായ ചെറുത്തുനില്‍പ്പ് പോരാളികള്‍ പൂര്‍ണ്ണമായും സജ്ജരാണെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ നീക്കം ഗസയില്‍ ബന്ദികളായവരുടെ ജീവന്‍ പരിഗണിക്കാതെയാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. റഫയില്‍ കരയാക്രമണം നടത്തുന്നത് ബന്ദിമോചന -വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ അപകടത്തിലാക്കുമെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അല്‍ റാഷിഖും മുന്നറിയിപ്പ് നല്‍കി.

അതേസമയം, കുട്ടികളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ ലക്ഷക്കണക്കിന് നിസഹായരായ സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇസ്രായേലിന്റെ കരയാക്രമണം തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീനികള്‍ക്കായുള്ള യു.എന്‍ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ റഫ വിട്ടുപോകരുതെന്നും ഹമാസ് ആവശ്യപ്പെട്ടുകഴിഞ്ഞു.

റഫയില്‍ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഘുലേഖകള്‍ വിതരണം ചെയ്ത ഇസ്രയേല്‍, കഴിഞ്ഞ ദിവസം ഒരുലക്ഷം പേരെ ഇവിടെ നിന്ന് ഒഴിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്.

അതിനിടെ, റഫയിലെ സൈനിക നീക്കം കൂട്ടക്കുരുതിക്ക് ഇടയാക്കുമെന്ന് നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ വക്താവ് ഹാദിദും പറയുകയുണ്ടായി. കൂട്ടമായി ആളുകള്‍ മരിച്ചുവീഴുന്നത് ഒഴിവാക്കാനായി ആക്രമണത്തില്‍നിന്ന് പിന്‍മാറാന്‍ ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ യു.എസ് അടക്കമുള്ള സഖ്യകക്ഷികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

israel hamas benjamin nethanyahu israelhamaswar israelpalestinewar