'ബീജിങ് പ്രഖ്യാപന'ത്തില്‍ ഒപ്പ് വെച്ച് ഹമാസും ഫത്ഹും

പലസ്തീന്‍ ഐക്യം സംബന്ധിച്ച 'ബീജിങ് പ്രഖ്യാപന'ത്തില്‍ ഒപ്പ് വെച്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ഹമാസും ഫത്ഹും. ബീജിങ്ങില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ വിവിധ പലസ്തീന്‍ സംഘടനകള്‍ ഒപ്പുവെച്ചത്.

author-image
Prana
New Update
palastine

പലസ്തീന്‍ ഐക്യം സംബന്ധിച്ച 'ബീജിങ് പ്രഖ്യാപന'ത്തില്‍ ഒപ്പ് വെച്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ഹമാസും ഫത്ഹും. അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിച്ച് പലസ്തീന്‍ ഐക്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ദിവസമായി ബീജിങ്ങില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ വിവിധ പലസ്തീന്‍ സംഘടനകള്‍ ഒപ്പുവെച്ചത്. പലസ്തീന്റെ വിമോചനത്തിനായുള്ള ചരിത്ര മുഹൂര്‍ത്തമാണിതെന്ന് ചൈനീസ് വിദേകാര്യ മന്ത്രി വാങ് യി പറഞ്ഞു.
യുദ്ധാനന്തരം ഗാസയില്‍ ഒരു ഇടക്കാല ദേശീയ അനുരഞ്ജന സര്‍ക്കാര്‍ രൂപീകരിക്കുകയാണ് പ്രഖ്യാപനത്തിലെ പ്രധാന വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കി. സമഗ്രവും സുസ്ഥിരവുമായ വെടിനിര്‍ത്തലിനായി ചൈനയുടെ പിന്തുണയുണ്ടാകും. കൂടാതെ ദ്വിരാഷ്ട്ര പരിഹാരത്തിനായി അന്താരാഷ്ട്ര സമാധാന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.14 പലസ്തീന്‍ സംഘടനകളാണ് ബീജിങ് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്.
ഈ കരാര്‍ പലസ്തീന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്നും സംഘര്‍ഷ മേഖലകളില്‍ ചൈന മധ്യസ്ഥത വഹിക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ന്നുവരുന്നതിന്റെ ലക്ഷണമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫത്ഹ് കേന്ദ്ര കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്മൂദ് അല്‍ അലൂല്‍, ഹമാസ് മുതിര്‍ന്ന നേതാവ് മൂസ അബു മര്‍സൂഖ് തുടങ്ങിയവരും ഈജിപ്ത്, റഷ്യ, അല്‍ജീരിയ എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത മറ്റു സംഘടനകളുടെ വിവരങ്ങളും കരാറിലെ വിശദാംശങ്ങളും ചൈന പുറത്തുവിട്ടിട്ടില്ല.

china hamas palastine