ഗസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന് ഇന്ത്യന്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ തുറമുഖങ്ങളില്‍നിന്ന് പുറപ്പെട്ട ചരക്കുകപ്പലുകളുടെ രേഖകളും ഗസയില്‍ വര്‍ഷിച്ച ബോംബുകളുടെയും ഉപയോഗിച്ച ഡ്രോണുകളുടെയും വിശദാംശങ്ങളും വിശകലനം ചെയ്ത് 'അല്‍ ജസീറ'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുകയാണെന്ന സംശയത്തില്‍ മേയ് 15ന് സ്പാനിഷ് തീരത്ത് തടഞ്ഞുവെച്ച ചരക്കു കപ്പല്‍ 'ബോര്‍കുമി'ല്‍ ഇന്ത്യയില്‍നിന്നുള്ള ആയുധങ്ങളാണുണ്ടായിരുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ചെന്നൈ തുറമുഖത്തുനിന്ന് ഏപ്രില്‍ രണ്ടിന് പുറപ്പെട്ട കപ്പല്‍ ഇസ്രായേല്‍ തുറമുഖമായ അഷ്ദോദ് ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നത്. 20 ടണ്‍ റോക്കറ്റ് എന്‍ജിന്‍, 12.5 ടണ്‍ റോക്കറ്റുകള്‍, 1500 കിലോ വെടിമരുന്ന് എന്നിവയാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് 'സോളിഡാരിറ്റി നെറ്റ്വര്‍ക്ക് എഗെയിന്‍സ്റ്റ് ദി പലസ്തീനിയന്‍ ഒക്കുപേഷന്‍' എന്ന സംഘടനക്ക് ലഭിച്ച രേഖകളില്‍ പറയുന്നു.