റഫയിലും ഗസ്സാ മുനമ്പിന്റെ മറ്റു ഭാഗങ്ങളിലും ബോംബ്, ഷെല്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഗസ്സാ മുനമ്പിന്റെ തെക്കേ അറ്റമായ ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന റഫ നഗരം പൂര്‍ണമായും പിടിച്ചെടുക്കാന്‍ അഭയാര്‍ഥി ടെന്റുകളെ പോലും ലക്ഷ്യം വെക്കുകയാണ് സൈന്യം. റഫയുടെ കിഴക്ക്, തെക്ക് മധ്യ ഭാഗങ്ങള്‍ നിലവില്‍ ഇസ്റാഈല്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പടിഞ്ഞാറന്‍, വടക്കന്‍ മേഖലകളില്‍ കൂടി കടന്നുകയറാന്‍ വ്യോമ, ടാങ്ക് ആക്രമണങ്ങള്‍ക്ക് പുറമെ യുദ്ധക്കപ്പലുകളില്‍ നിന്നും വെടിയുതിര്‍ക്കുന്നതായി അഭയാര്‍ഥികള്‍ പറഞ്ഞു. ഗസ്സയുടെ മറ്റു ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം പേരാണ് റഫയില്‍ അഭയം പ്രാപിച്ചിരുന്നത്. ഇവരില്‍ ഭൂരിഭാഗവും റഫയില്‍ നിന്നും ജീവന്‍ തേടി അലയുകയാണ്.
ഇന്നലെ ഇസ്റാഈല്‍ സൈനികാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ പത്ത് പേര്‍ മരിച്ചത് അല്‍ ശാത്വി അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ്.