ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ വടക്കന്‍ ഗസ്സയിലെ ജബാലിയ തകര്‍ത്തെറിഞ്ഞ് ഇസ്റാഈല്‍. ഇരുപത് ദിവസത്തെ അതിക്രൂരമായ ആക്രമണത്തിനൊടുവില്‍ ഇസ്രയേല്‍ സൈന്യം ജബാലിയയില്‍ നിന്ന് പിന്മാറി. അഭയാര്‍ഥി ക്യാമ്പിന്റെ എഴുപത് ശതമാനവും ദുരന്ത ഭൂമിയാക്കി മാറ്റിയാണ് ഇസ്രയേലിന്റെ പിന്മാറ്റം. ആയിരത്തിലേറെ വീടുകളാണ് ഇവിടെ തകര്‍ന്നത്. പ്രദേശത്ത് നിന്ന് ഹമാസിനെ പൂര്‍ണമായും തുടച്ചുനീക്കിയെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് ജബാലിയയില്‍ വീണ്ടും കര, വ്യോമാക്രമണം ശക്തമാക്കിയത്. ഇരുനൂറിലേറെ വ്യോമാക്രമണങ്ങളാണ് ഇവിടെ നടത്തിയത്. ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നായ ജബാലിയയില്‍ ഒരു ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗവും 1948ലെ അറബ്- ഇസ്‌റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ ഫലസ്തീനികളുടെ പിന്‍മുറക്കാരാണ്.
സ്‌കൂളുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍ ഉള്‍പ്പെടെ ഇല്ലാതായതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു. ജബാലിയയില്‍ ഓപറേഷന്‍ ലക്ഷ്യം കണ്ടതായും ആക്രമണം ഗസ്സയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂടുതല്‍ ശക്തമായ രീതിയില്‍ വ്യാപിപ്പിക്കുമെന്നും ഇസ്റാഈല്‍ സൈന്യം അറിയിച്ചു. ജബാലിയയില്‍ നിന്ന് താത്കാലികമായി പിന്മാറുമെങ്കിലും വടക്കന്‍ ഗസ്സയില്‍ ആക്രമണം തുടരുമെന്ന സൂചനയാണ് സൈന്യം നല്‍കുന്നത്.