ഗസ്സ: വടക്കൻ ഗസ്സയിലെ ജബാലിയ, തെക്ക് റഫ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യവും ഹമാസും ശക്തമായ യുദ്ധം തുടരുകയാണ്. ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും നിരവധി പേർക്ക് പരിക്കേറ്റതായും ഹമാസ് അവകാശപ്പെട്ടു. അഞ്ച് ഇസ്രായേലി സൈനികർ തങ്ങളുടെ തന്നെ സഹപ്രവർത്തകരുടെ വെടിയേറ്റാണ് മരിച്ചത്.
പോരാട്ടം നടക്കുന്ന ജബാലിയയിലാണ് അബദ്ധത്തിൽ സൈനികർ സഹപ്രവർത്തകരുടെ വധിച്ചത്.വീടുകൾക്കും ആംബുലൻസിനും മേൽ ബോംബ് വർഷിച്ചാണ് ഇസ്രായേൽ പ്രതികാരം ചെയ്തത്. അൽ ഔദ ആശുപത്രിയിലെ ആംബുലൻസിൽ ബോംബുവീണ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ജബാലിയയിലെ വീടിനുമേൽ ബോംബിട്ട് ഗർഭിണി ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തി.
ഖാൻ യൂനിസിൽ വീട്ടിൽ ഷെല്ലാക്രമണം നടത്തി അഞ്ച് ഫലസ്തീനികളെയും വധിച്ചു. 24 മണിക്കൂറിനിടെ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 39 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,272 ആയി. 79,205 പേർക്ക് പരിക്കേറ്റു. അതിനിടെ വെസ്റ്റ് ബാങ്കിലെ ഫലസ്തീനി മണി എക്സ്ചേഞ്ച് കമ്പനിയുടെ 11 ബ്രാഞ്ചുകളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി ഏകദേശം 10 ലക്ഷം ഡോളറിൽ പിടിച്ചെടുത്തു.