ജറുസലേം: ഗസ്സയിൽ ഹമാസിനെതിരായ യുദ്ധത്തിന്റെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ലെബനാനിലെ ഹിസ്ബുല്ലയെ നേരിടാൻ കൂടുതൽ സൈനികരെ വടക്കൻ അതിർത്തിയിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ നടത്തിയതായും നെതന്യാഹു മുന്നറിയിപ്പു നൽകി. അതേസമയം, ഗസ്സയിൽ നടക്കുന്ന യുദ്ധത്തിന് അവസാനമില്ലെന്നും നെതന്യാഹുവിനെ അനുകൂലിക്കുന്ന ചാനലായ ചാനൽ 14ന് നൽകിയ സുദീർഘ അഭിമുഖത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി സൂചിപ്പിച്ചു.
തെക്കൻ ഗസ്സ നഗരമായ റഫയിൽ സൈന്യം നിലവിലെ കരയാക്രമണം പൂർത്തിയാക്കാനിരിക്കെ ഹമാസിനെതിരായ യുദ്ധം അവസാനിച്ചുവെന്ന് അർത്ഥമാക്കേണ്ടതില്ല. എന്നാൽ ഗസ്സയിൽ കുറച്ച് സൈനികരെ മാത്രമേ ആവശ്യമുള്ളൂവെന്നും ഹിസ്ബുല്ലയെ നേരിടാൻ സൈന്യത്തെ അവിടെനിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു.
‘ഞങ്ങളുടെ സേനകളിൽ ചിലതിനെ വടക്കോട്ട് മാറ്റാനുള്ള സാധ്യതയുണ്ട്. പ്രതിരോധത്തിനുവേണ്ടി ഞങ്ങളത് ചെയ്യും. ഒപ്പം പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ഇസ്രായേലികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുമെന്നും’ നെതന്യാഹു പറഞ്ഞു.