റോം: റഷ്യൻ ആസ്തികളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് യുക്രെയ്ന് 5,000 കോടി ഡോളർ (ഏകദേശം 4.177 ലക്ഷം കോടി രൂപ) സഹായം നൽകാൻ ജി7 ഉച്ചകോടിയിൽ തീരുമാനമുണ്ടായേക്കും. ഈ വർഷം അവസാനത്തോടെ സഹായം കൈമാറാൻ ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തിയതായി ഫ്രഞ്ച് പ്രസിഡന്റുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
റഷ്യൻ കേന്ദ്ര ബാങ്കിന്റെ മരവിപ്പിച്ച ആസ്തിയായ 32,500 കോടി ഡോളറിന്റെ (ഏതാണ്ട് 21.15 ലക്ഷം കോടി രൂപ) പലിശയിൽനിന്ന് 5000 കോടി ഡോളർ യുക്രെയ്ന് നൽകാമെന്ന കരാർ സമ്മേളനത്തിൽ ഒപ്പിടാനാണ് ജി7 നേതാക്കൾ കരുതുന്നത്. യുഎസാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തതെന്നും ഫ്രഞ്ച് വക്താവ് പറഞ്ഞു. ഫലത്തിൽ റഷ്യൻ ആസ്തികളിൽനിന്നുള്ള ലാഭത്തിൽനിന്ന് യുക്രെയ്ന് വായ്പ നൽകുന്ന രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറ്റലിയിലെ പൂഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കരാറിനെ കുറിച്ച് ചർച്ച ചെയ്യാൻ വ്യാഴാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. ജൂൺ 13 മുതൽ 15 വരെ നടക്കുന്ന ഉച്ചകോടിയിൽ റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ–ഹമാസ് യുദ്ധങ്ങളിലെ വെടിനിർത്തൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പ്രത്യേക ക്ഷണിതാവായി ഇന്ത്യയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പങ്കെടുക്കുക.