വാഷിങ്ടൺ: ജോർജിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. കേസിലെ പ്രതിയായ 14കാരനെ പൊലീസ് പിടികൂടി. രണ്ട് കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
ബാരോ കൺട്രിയിലെ വെൻഡറിലെ അപലാചിയിലെ സ്കൂളിലാണ് സംഭവമുണ്ടായത്. കോൾട്ട് ഗ്രേയെന്ന ഇതേ സ്കൂളിലെ വിദ്യാർഥി തന്നെയാണ് പിടിയിലായത്. സ്കുളിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് വെടിവെച്ചയാളെ പിടികൂടിയത്.
പ്രാദേശിക സമയം 10.20ഓടെയാണ് വെടിവെപ്പ് സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ തന്നെ പൊലീസ് ഉൾപ്പടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയെന്നും അധികൃതർ അറിയിച്ചു. ഒരു വർഷം മുമ്പ് ഇന്ന് വെടിവെപ്പ് നടത്തിയ 14കാരനെ എഫ്.ബി.ഐ ചോദ്യം ചെയ്തിരുന്നു.
സ്കൂളിൽ വെടിവെപ്പ് നടത്തുമെന്ന് ഓൺലൈനിലൂടെ ഭീഷണി മുഴക്കിയതിനായിരുന്നു ചോദ്യം ചെയ്യൽ. തോക്കുകളുടെ ചിത്രമുൾപ്പടെ പങ്കുവെച്ച് കോൾട്ട് ഗ്രേ ഭീഷണി മുഴക്കിയെന്നായിരുന്നു എഫ്.ബി.ഐക്ക് ലഭിച്ച പരാതി. എന്നാൽ, ആരോപണങ്ങൾ 14കാരൻ നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കർശന നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് സ്കൂൾ അധികൃതർക്ക് എഫ്.ബി.ഐ നിർദേശം നൽകുകയും ചെയ്തു.