ലണ്ടൻ: ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തൽ.1979 ഓഗസ്റ്റിൽ നടന്ന കൊലപാതകത്തിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഐറിഷ് റിപബ്ലിക്കൻ ആർമി കമാൻഡർ മൈക്കൽ ഹെയ്‌സ്.പ്രമുഖ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലിമെയിലാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
ഫിലിപ്പ് രാജകുമാരന്റെയും ചാൾസ് രാജകുമാരന്റെയും ഉപദേഷ്ടാവായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു 1979ലാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് മാസത്തിൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിന്റെ പടിഞ്ഞാറൻ തീരത്തുള്ള കൗണ്ടി സ്ലിഗോയിലെ അദ്ദേഹത്തിന്റെ വേനൽക്കാല വസതിയിൽ ഉല്ലാസ ബോട്ട് പൊട്ടിത്തെറിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 79 വയസ്സായിരുന്നു പ്രായം.
മൗണ്ട് ബാറ്റണും അദ്ദേഹത്തിന്റെ കുടുംബവും ജോലിക്കാരും സ്വന്തം ഉടമസ്ഥതയിലുള്ള ഷാഡോ V എന്ന ഉല്ലാസ ബോട്ടിൽ കയറി കടലിലേക്ക് പോകുകയായിരുന്നു.അവിടെ വെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികൾ മൗണ്ട്ബാറ്റനെ ജീവനോടെ കണ്ടെത്തിയെങ്കിലും കരയിലെത്തും മുമ്പ് അദ്ദേഹം മരിണപ്പെടുകയായിരുന്നു.
മൗണ്ട്ബാറ്റന്റെ 14 വയസ്സുള്ള ചെറുമകൻ നിക്കോളാസ് നാച്ച്ബുൾ, ബോട്ട് ക്രൂ ആയിരുന്ന പോൾ മാക്സ്വെൽ എന്ന കൗമാരക്കാരൻ എന്നിവരും കൊല്ലപ്പെട്ടിരുന്നു.മൗണ്ട് ബാറ്റന്റെ മകൾ പട്രീഷ്യ ; അവരുടെ ഭർത്താവ് ജോൺ നാച്ച്ബുൾ ; അവരുടെ മകൻ തിമോത്തി (മരിച്ച നിക്കോളാസിന്റെ ഇരട്ട സഹോദരൻ); ജോൺ നാച്ച്ബുളിന്റെ അമ്മ ഡോറിൻ തുടങ്ങിയ ഉല്ലാസ ബോട്ടിലുണ്ടായിരുന്ന മറ്റു നാലുപേർക്കും സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഡോറിൻ നാച്ച്ബുൾ അടുത്ത ദിവസം ആശുപത്രിയിൽ മരിച്ചു.
ബ്രിട്ടനിൽ നിന്ന് അയർലൻഡിന് സ്വാതന്ത്ര്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ ആർ എ അഥവാ ഐറിഷ് റിപ്പബ്ലിക്കൻ ആർമി നടത്തിയ ഭീകരാക്രമണത്തിലാണ് മൗണ്ട് ബാറ്റൺ പ്രഭു കൊല്ലപ്പെട്ടത്. അയർലൻഡ് വിഭജനത്തെത്തുടർന്ന് നോർത്തേൺ അയർലണ്ടിലെ റിപ്പബ്ലിക്കൻമാരും യൂണിയനിസ്റ്റുകളും തമ്മിൽ 1960-കളുടെ അവസാനം മുതൽ 1998 വരെ ഏകദേശം 30 വർഷത്തോളം നീണ്ടുനിന്ന കലാപം നടന്നിരുന്നു. ഇതിനെ “ദി ട്രബിൾസ്” എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനിടെ നടന്ന ഒരു സുപ്രധാന സംഭവമായിരുന്നു മൗണ്ട് ബാറ്റൺ പ്രഭുവിന്റെ കൊലപാതകം.
വിക്ടോറിയ രാജ്ഞിയുടെ കൊച്ചുമകനും എലിസബത്ത് രാജ്ഞിയുടെ കസിനും അവളുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ അമ്മാവനുമായിരുന്നു മൗണ്ട് ബാറ്റൺ .1959 മുതൽ 1965 വരെ ബ്രിട്ടീഷ് സായുധ സേനയുടെ തലവനായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന നിലയിൽ മൗണ്ട് ബാറ്റൺ സേവനമനുഷ്ഠിച്ചു. മുമ്പ് അദ്ദേഹം ബ്രിട്ടീഷ് റോയൽ നേവിയുടെ തലവനായിരുന്നു . രാജകുടുംബം ‘അങ്കിൾ ഡിക്കി’ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന ലോർഡ് മൗണ്ട് ബാറ്റന്റെ കൊലപാതകം ചാൾസ് രാജകുമാരനെ ആഴത്തിൽ ബാധിച്ചിരുന്നു.ഇതിനെ തുടർന്ന് അദ്ദേഹം എശ്ത്തിയിരുന്ന ഡയറിക്കുറിപ്പുകൾ പലതവണ ചർച്ചയായിട്ടുണ്ട്.
ബോംബാക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷം IRA സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൂടാതെ ആ ആക്രമണത്തെ “നമ്മുടെ രാജ്യത്ത് തുടരുന്ന അധിനിവേശം ഇംഗ്ലീഷ് ജനതയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള പ്രവൃത്തി” എന്ന് വിശേഷിപ്പിച്ചു. ഐആർഎയിലെ ഒരു അംഗമായിരുന്ന തോമസ് മക്മഹോൺ മാത്രമാണ് ഈ ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ടത്. സ്ഫോടനം നടന്ന ദിവസം തോമസ് മക്മഹോൺ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിലാവുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നോർത്തേൺ അയർലൻഡ് സമാധാന പ്രക്രിയയുടെ ഭാഗമായി ഉണ്ടായ ഗുഡ് ഫ്രൈഡേ ഉടമ്പടിയുടെ (ദുഃഖവെള്ളി ഉടമ്പടി) നിബന്ധനകൾ പ്രകാരം 19 വർഷത്തെ ജയിൽവാസത്തിന് ശേഷം 1998-ൽ മക്മഹോൺ തന്റെ ജീവപര്യന്തത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു .
എന്നാലിപ്പോൾ 1979 നവംബറിൽ മൗണ്ട് ബാറ്റൺ പ്രഭുവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട തോമസ് മക്മഹോനല്ല കൊലപാതകത്തിനു പിന്നിലെന്നു ഡബ്ലിനിൽ താമസിക്കുന്ന ഹെയ്സ് അവകാശപ്പെടുന്നു. , താൻ മക്മഹോണിന്റെ ‘കമാൻഡിംഗ് ഓഫീസർ’ ആണെന്ന് ഹെയ്സ് വെളിപ്പെടുത്തി. ‘.’ടോം മക്മഹോൺ, പദ്ധതിയുടെ ഒരു പങ്കാളി മാത്രമായിരുന്നു. ഞാൻ സ്‌ഫോടകവസ്തു വിദഗ്ധനാണ്. ലിബിയയിലാണ് സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനം നേടിയത് -ഹെയ്‌സ് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ടുചെയ്തു.
ബോംബ് രൂപകല്പന ചെയ്ത ആളാണ് താനെന്ന് പറയുകയാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു : ‘അതെ, ഞാൻ അവനെ പൊട്ടിത്തെറിപ്പിച്ചു. മക്‌മോഹൻ അത് ബോട്ടിൽ കയറ്റി… ഞാൻ എല്ലാം പ്ലാൻ ചെയ്തു, ഞാൻ കമാൻഡർ ഇൻ ചീഫ് ആണ്. ‘
‘മൗണ്ട് ബാറ്റനെ ലക്ഷ്യംവച്ച് നടത്തിയ സ്ഫോടനത്തിന്റെ സൂത്രധാരൻ ഞാനാണ്. അതിനെനിക്ക് ന്യായീകരണമുണ്ടായിരുന്നു, അയാൾ എന്റെ രാജ്യത്ത് വന്ന് എന്റെ ആളുകളെ കൊന്നൊടുക്കി, ഞാനതിന് തിരിച്ചടിച്ചു. ” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അന്ന് കൊല്ലപ്പെട്ട രണ്ട് ആൺകുട്ടികളെ കുറിച്ച് ചോദിച്ചപ്പോൾ ‘ആ കുട്ടികൾ ബോട്ടിൽ കയറാൻ പാടില്ലായിരുന്നു. അതെ, അത് സംഭവിക്കാൻ ഉദ്ദേശിച്ചിരുന്നില്ല അതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ ഒരു പിതാവാണ്. ഞാൻ കല്ലുകൊണ്ടല്ല. അതോർത്ത് ഞാൻ കരഞ്ഞു.’എന്നും മറുപടി പറഞ്ഞു.
ഹെയ്‌സിന്റെ അവകാശവാദങ്ങളിൽ പോലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അന്ന് മൗണ്ട് ബാറ്റണിന്റെ ഒപ്പം കൊല്ലപ്പെട്ട പോൾ മാക്‌സ്‌വെല്ലിന്റെ അമ്മ മേരി ഹോൺസിരംഗത്തെത്തി.
‘അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ, അദ്ദേഹം ശരിക്കും ഓർഡർ നൽകിയ കമാൻഡറാണോ എന്ന് പരിശോധിക്കണം. ഇത് ഒരിക്കലും പ്രതികാരമല്ല.’മകന്റെ നഷ്ടമെന്നത് മാറാത്ത ഒന്നാണ്. ഞങ്ങൾക്ക് നീതി ആവശ്യമാണെന്ന് ഞാൻ കരുതുന്നു,” അവർ കൂട്ടിച്ചേർത്തു.
ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ പുതിയ വിവാദങ്ങൾ ഉയർന്നു വരാൻ സാധ്യതയുണ്ട്. കൂടാതെ ഐറിഷ് പോലീസും പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറും തീരുമാനിച്ചാൽ, ഹെയ്‌സിന് ഈ കൊലപാതകങ്ങളുടെ പേരിൽ പ്രോസിക്യൂഷന് വിധേയനാകേണ്ടി വരും.
മക്മഹോണിന്റെ ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട് 1979-ൽ വാഷിഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വധ ഗൂഢാലോചനയിൽ ഏഴുപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന അനുമാനത്തിൽ അയർലൻഡ് പോലീസ് കേസ് ഫയൽ അവസാനിപ്പിച്ചിരുന്നില്ലെന്ന് പറഞ്ഞിരുന്നു.