ഇസ്രയേല്‍, ഇറാനെ ആക്രമിച്ച സംഭവത്തില്‍ അമേരിക്കയ്ക്കും പങ്കുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം ഇറാന്‍ ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ 26 ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ യുഎസിന് നേരിട്ട് പങ്കുണ്ടെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അമേരിക്ക ആക്രമണത്തില്‍ പൂര്‍ണ പങ്കാളികളായിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അഗ്രാചി ആരോപിച്ചത്.
ആക്രമണം നടത്താന്‍ ഇസ്രയേല്‍ എയര്‍ ഫോഴ്‌സിന് വഴിയൊരുക്കികൊടുത്തത് യുഎസ് ആണ്. ആക്രമണത്തിനിടെ ഇസ്രായേല്‍ ഉപയോഗിച്ച പ്രതിരോധ സംവിധാനങ്ങള്‍ ഇതിലെ യുഎസിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വ്യോമാക്രമണത്തില്‍ ഏങ്കിലും തരത്തില്‍ തിരിച്ചടിയുണ്ടായാല്‍ ഇസ്രായേല്‍ പൈലറ്റുമാരെ സഹായിക്കാനായി യുഎസ് യുദ്ധ വിമാനങ്ങള്‍ തയ്യാറാക്കിയിരുന്നു എന്ന വിവരവും പുറത്തുവന്നു. ഇക്കാര്യം ഇസ്രായേലി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാനെതിരായ ഓപ്പറേഷന്‍ വിജയിച്ചില്ലെങ്കില്‍ പൈലറ്റുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇസ്രായേലും യുഎസും ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ഒരു ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നായിരുന്നു ആക്രമണത്തിനു പിന്നാലെ യുഎസ് പ്രതികരിച്ചത്. ലോകം മുഴുവന്‍ അപലപിക്കുമ്പോഴും യുഎസ് ഇസ്രായേലിനെ പിന്തുണക്കുകയായിരുന്നു. ആക്രമണത്തെകുറിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന് അറിയാമായിരുന്നുവെന്നും ആക്രമണം നടത്തുമ്പോള്‍ തന്നെ പ്രസിഡന്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.
ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനെ അമേരിക്ക സഹായിച്ചു എന്ന വിവരം പുറത്തുവന്നതിനു പിന്നാലെ അമേരിക്കയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. ഇറാനെ ആക്രമിച്ച നടപടിയെ ചോദ്യം ചെയ്ത ഹിസ്ബുള്ള, അപകടകരമായ കീഴ് വഴക്കമാണ് അതെന്നും വിമര്‍ശിച്ചു. അപകടകരമായ നിരവധി കാര്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും ഹിസ്ബുള്ള വ്യക്തമാക്കി.
അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പും ഹിസ്ബുള്ള നല്‍കി. ഇറാനില്‍ ആക്രമണം നടത്താന്‍ യുഎസിന്റെ വ്യോമമേഖല ഉപയോഗിച്ചതിനെ ഹിസ്ബുള്ള രൂക്ഷമായി വിമര്‍ശിച്ചു. ഇറാഖിന്റെ വ്യോമമേഖലയില്‍ നിന്നാണ് ഇസ്രയേല്‍, ഇറാനില്‍ ആക്രമണം നടത്തിയത്. ഇറാഖിന്റെ വ്യോമമേഖലയുടെ നിയന്ത്രണമുള്ള യുഎസിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ കഴിയില്ലെന്നാണ് ഹിസ്ബുള്ള പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഗൗരവമുള്ള നിയമലംഘനമാണെന്നും അതിന് ഉറപ്പായും ശിക്ഷ ഉണ്ടാകും എന്നുമാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്.
ഹിസ്ബുള്ളയുടെ പ്രഖ്യാപനം ആശങ്ക ഉയര്‍ത്തുന്നതാണ്. ഇസ്രയേലില്‍ ശക്തമായ ആക്രമണമാണ് ഹിസ്ബുള്ള അഴിച്ചുവിടുന്നത്. ഇനി അമേരിക്കയിലും ഹിസ്ബുള്ള ആക്രമണം നടത്തുമെന്ന ആശങ്കയാണുള്ളത്.
ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിന് നേരെ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയേയും ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയേയും വധിച്ചതിന് തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇതിനു മറുപടിയായാണ് ഇലാം, ഖുസിസ്താന്‍, തെഹ്‌റാന്‍ എന്നിവിടങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്.
തിരിച്ചടിച്ചാല്‍ ഇനിയും ആക്രമണമുണ്ടാവുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇറാനു നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത് ദേശീയ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിര്‍ദേശ പ്രകാരമല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
യുഎസിന്റെ സമ്മര്‍ദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേല്‍ ആക്രമിക്കാതിരുന്നതെന്നുള്ള മാധ്യമ വാര്‍ത്തകളെയും നെതന്യാഹുവിന്റെ ഓഫിസ് നിഷേധിച്ചു.
ഇറാന്റെ ആണവ മേഖലകളില്‍ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി യുഎസ് അവകാശപ്പെട്ടിരുന്നു. സൈനിക കേന്ദ്രങ്ങളില്‍ മാത്രമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ഇതോടെ സംഘര്‍ഷത്തിന് അന്ത്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
ഇറാനിലെ മിസൈല്‍ ഫാക്ടറികള്‍ക്കും മറ്റു പ്രദേശങ്ങള്‍ക്കും നേരെ പുലര്‍ച്ചയ്ക്കു മുന്‍പായി മൂന്നു ഘട്ടമായാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു