രക്ഷിതാക്കളുടെ കൂടെയല്ലാതെ യാത്ര ചെയ്യുന്ന കുട്ടികളുടെ രേഖകള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നു. അഞ്ച് മുതല്‍ 12 വരെ വയസുള്ളവരാണെങ്കില്‍ എയര്‍ലൈന്‍ ടിക്കറ്റിനൊപ്പം എയര്‍ലൈന്‍ സഹായിയുടെ സേവനം നിര്‍ബന്ധമാണ്. ഇതിനായി ടിക്കറ്റിന് പുറമെ പ്രത്യേക നിരക്ക് ഈടാക്കും. ഏതാണ്ട് 400 ദിര്‍ഹമാണ് ഈടാക്കുന്നത്.
ഈ വേനലവധിക്കാലത്ത് യു എ ഇയില്‍ നിന്ന് നിരവധി കുട്ടികളാണ് നാട്ടിലേക്ക് തനിച്ചു യാത്ര ചെയ്തത്. ഇവര്‍ തിരിച്ചു വരുമ്പോള്‍ ടിക്കറ്റിന്റെ പ്രത്യേക 'സേവന സാക്ഷ്യപത്രം' അനിവാര്യമായിരുന്നു. ഉറ്റവരാരെങ്കിലും കൂടെയുണ്ടെങ്കില്‍ പോലും ഇത് ആവശ്യമാണ്.
എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വേസും സവിശേഷ സൗകര്യം ചെയ്തുകൊടുക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പ്രത്യേക സേവനത്തിന്റെ ബുക്കിംഗ് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തണം.
മൈനര്‍ സര്‍വീസ് അഭ്യര്‍ഥന ഫോം പൂരിപ്പിച്ചു നല്‍കണം. 24 മണിക്കൂറിനുള്ളില്‍ എയര്‍ലൈന്‍ ബന്ധപ്പെടും. കുട്ടിയുടെ ഫ്‌ലൈറ്റിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഇതെല്ലാം ചെയ്യണം. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സേവനമില്ലാതെ ഒറ്റക്ക് പറക്കാം.എന്നിരുന്നാലും, 12നും 15നും ഇടയില്‍ പ്രായമുള്ള, ഒറ്റക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രക്ഷിതാക്കള്‍ പ്രത്യേക അഭ്യര്‍ഥന നടത്തേണ്ടതുണ്ട്. അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ടിക്കറ്റിന് മുതിര്‍ന്നവരുടെ നിരക്ക് നല്‍കണം.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണെങ്കില്‍ രക്ഷിതാക്കള്‍ക്ക് ചെക്ക്ഇന്‍ ഏരിയക്ക് സമീപമുള്ള വിശ്രമമുറിയിലേക്ക് നേരിട്ട് പോകാം. തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതുണ്ട്. കൂടാതെ ഒരു അനുമതി ഫോമില്‍ ഒപ്പിടാന്‍ രക്ഷിതാവിനോട് ആവശ്യപ്പെടും.വിമാനത്തിന്റെ വാതില്‍ക്കലില്‍ പ്രത്യേക സഹായി കുട്ടിയെ ഏറ്റുവാങ്ങി രക്ഷിതാവിന്റെ അടുക്കല്‍ എത്തിക്കും. അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍ലൈന്‍ അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് മൈനര്‍ സര്‍വീസ് നല്‍കുന്നു. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒറ്റക്ക് പറക്കുന്നതിന് ഈ സേവനം നിര്‍ബന്ധമാണ്.