ഫ്രാങ്ക്ഫർട്ട്: ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയത്തോടെ വിമാന സർവീസുകൾ റദ്ദാക്കി. ജർമ്മനിയിൽ നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യൻ മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയിൽ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ പാതിവഴിയിൽ തിരികെ ജർമ്മനിയിലേക്ക് മടങ്ങി. ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസയുടെ വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി തിരികെ പോയത്.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട LH 756, ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട LH 752 എന്നീ വിമാനങ്ങൾ തുർക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാൻ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തിയത്. തുടർന്ന് അടിയന്തരമായി വിമാനങ്ങൾ തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നാലെ ഇന്ത്യയിൽ നിന്ന് ജർമ്മനിയിലേക്കുള്ള മടക്ക വിമാനങ്ങൾ ലുഫ്താൻസ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാൻ, ജോർദാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സർവീസ് ഉണ്ടാകില്ലെന്ന് ലുഫ്താൻസ അറിയിച്ചു.
സ്വിറ്റ്‌സർലാൻഡിന്റെ സ്വിസ് എയർലൈൻസും ഈ രാജ്യങ്ങളുടെ മുകളിലൂടെ സർവീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള തെക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇതുകാരണം 15 മിനിറ്റോളം അധികം സമയമെടുക്കും. ഇസ്രയേൽ, ലൈബനൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയും തങ്ങൾ ഒഴിവാക്കുന്നതായി സ്വിസ് അറിയിച്ചു.
പശ്ചിമേഷ്യയ്ക്ക് മുകളിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളുടേയും സുരക്ഷ ഓരോ ദിവസവും വിലയിരുത്തപ്പെടുന്നുണ്ടെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ഇതനുസരിച്ച് ആവശ്യമെങ്കിൽ സർവീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.