റഷ്യയിൽ അതിവേഗം കുറയുന്ന ജനനനിരക്കിന്റെ പരിഹാരത്തിനായി ഒരു സമർപ്പിത 'ലൈംഗിക മന്ത്രാലയം' (ministry of sex )സ്ഥാപിക്കുന്നതിനുള്ള വിചിത്രമായ നിർദ്ദേശങ്ങളാണ് റഷ്യൻ ഭരണകൂടം മുന്നോട്ടു വയ്ക്കുന്നത്.കാൽ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യ നിരക്കിലേക്ക് കൂപ്പുകുത്തിയ റഷ്യ,വ്‌ളാഡിമിർ പുടിൻ്റെ നേതൃത്വത്തിലുള്ള രാജ്യത്തിൻ്റെ ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള 'സ്പെഷ്യൽ ഡെമോഗ്രാഫിക് ഓപ്പറേഷൻ്റെ' ഭാഗമായാണ് ഈ നീക്കം.
ജോലിസ്ഥലത്തെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പടെ ആളുകൾക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത് വരെയുള്ള ആശയങ്ങളോടെ,റഷ്യ അതിൻ്റെ ജനസംഖ്യ മാറ്റി മറിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്.
റഷ്യൻ പ്രസിദ്ധീകരണമായ മോസ്‌ക്‌വിച്ച് മാസികയുടെ സമീപകാല റിപ്പോർട്ടിൽ,പുട്ടിൻ കൂടുതൽ വിചിത്രമായ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.രാജ്യത്ത് അതിവേഗം കുറയുന്ന ജനനനിരക്കിൽ പ്രവർത്തിക്കുന്നതിനായി ഒരു സമർപ്പിത "ലൈംഗിക മന്ത്രാലയം" (ministry of sex) സ്ഥാപിക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട് റഷ്യൻ ഉദ്യോഗസ്ഥർ വിവിധ നിർദ്ദേശങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.
രാത്രി 10 മണിക്കും പുലർച്ചെ 2 മണിക്കും ഇടയിൽ വീട്ടിലെ ഇൻ്റർനെറ്റും ലൈറ്റുകളും ഓഫ് ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു-ദമ്പതികൾക്കിടയിൽ അടുപ്പം വളർത്തുന്നതിന് "ശ്രദ്ധ വ്യതിചലിക്കാത്ത"വിൻഡോ സൃഷ്ടിക്കുക.
മറ്റൊരു നിർദ്ദേശത്തിൽ, ഇതിനായി ദമ്പതികൾക്ക് അവരുടെ ആദ്യ ഡേറ്റിങ്ങിൽ തന്നെ സർക്കാരിൽ നിന്ന് 5,000 റൂബിൾസ് (4,302 രൂപ) വരെ ലഭിക്കുമെന്നും പറയുന്നു.നവദമ്പതികൾക്ക് അവരുടെ വിവാഹ രാത്രികൾ സർക്കാരിന്റെ ധനസഹായത്തോടെ നൽകണമെന്ന ശുപാർശ കൂടി നിർദ്ദേശിക്കുന്നുണ്ട്, ഗർഭധാരണ സാധ്യത പ്രോത്സാഹിപ്പിക്കുന്നതിന് ഹോട്ടൽ ചെലവ് 26,300 റുബിളിൽ (22,632 രൂപ) നിജപ്പെടുത്തുകയും ചെയ്തു.
ജനനനിരക്ക് വർധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട് . ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ചേർത്തു കൊണ്ട് ഒരു ചോദ്യാവലി പൊതുമേഖലയിൽ ജോലി ചെയ്യുന്ന വനിതാജീവനക്കാർക്കു നൽകിയിരുന്നു. എന്നാൽ ഇതിനു മറുപടി നൽകാത്തവർക്ക് ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. സർക്കാർ സൗജന്യമായി ഏർപ്പെടുത്തിയ പ്രത്യുൽപാദനശേഷീ പരിശോധനാ സൗകര്യം ഇതുവരെ 20,000 ത്തോളം സ്ത്രീകൾ ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.