സ്വകാര്യ മേഖലയിലെ എമിറേറ്റൈസേഷന്‍ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിര്‍ഹം പിഴ ചുമത്തി. 113 പൗരന്മാരെ വ്യാജമായി നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറികടക്കാന്‍ കമ്പനി ശ്രമിച്ചതായി അബൂദബി മിസ്ഡിമെനര്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
കമ്പനിയുടെ എമിറേറ്റൈസേഷന്‍ നടപടിക്രമങ്ങളില്‍ ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം കേസ് അന്വേഷണത്തിനായി അബൂദബി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായിരുന്നു. കമ്പനി വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയും ജോലിയില്ലാതെ സാങ്കല്‍പ്പികമായി ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി കണ്ടെത്തി.
സ്വകാര്യ മേഖലയില്‍ ഇമാറാത്തികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നഫീസ് പ്രോഗ്രാം സ്ഥാപനം ദുരുപയോഗം ചെയ്യുകയുമുണ്ടായി. പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണങ്ങള്‍ക്ക് ശേഷം കോടതിക്ക് വിടാന്‍ ഉത്തരവിട്ടു. കേസ് പരിഗണിച്ച കോടതി കമ്പനി കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു.