കറാച്ചിയിൽ സ്ഫോടനം; രണ്ട് മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടന

അതേസമയം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) മാധ്യമപ്രവർത്തകർക്ക് ഇമെയിൽ അയച്ചു.

author-image
anumol ps
New Update
karachi explosion

 

 

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ വൻ സ്ഫോടനം. കറാച്ചി വിമാനത്താവളത്തിന് സമീപമായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേ‍ർ മരിച്ചു. 10 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവർ ചൈനീസ് തൊഴിലാളികളെന്നാണ് വിവരം. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തടക്കം വിവിധ ഇടങ്ങളിലും സ്ഫോടനമുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

തിങ്കളാഴ്ച പുലർച്ചെയാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടനെ പ്രദേശത്ത് സൈനികരെ വിന്യസിച്ചതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഒരു ഓയിൽ ടാങ്കറിന് തീപിടിക്കുകയും തുടർന്ന് മറ്റ് നിരവധി വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തീവ്രവാദ ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അസ്ഫർ മഹേസർ പറഞ്ഞു.

അതേസമയം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) മാധ്യമപ്രവർത്തകർക്ക് ഇമെയിൽ അയച്ചു. എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും സ്‌ഫോടകവസ്തു വാഹനത്തിൽ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി.

വിമാനത്താവളത്തിന് സമീപം പോർട്ട് ഖാസിം ഇലക്ട്രിക് പവർ കമ്പനിയുടെ ഒരു വാഹനവ്യൂഹം അക്രമണത്തിനിരയായതായും ഭീകരാക്രമണമാണുണ്ടായതെന്നും പാകിസ്താനിലെ ചൈനീസ് എംബസി പ്രതികരിച്ചു.

ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് സ്ഫോടനം. ചൈനീസ് നിക്ഷേപകരുടെയും എഞ്ചിനിയർമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനവ്യൂഹം ലക്ഷ്യം വച്ചാണ് ആക്രമണം. ഇതോടെ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു.

explosion karachi airport